കുറ്റ്യാടി: ദേശീയ റൂറൽ ഹെൽത് മിഷൻ പദ്ധതിപ്രകാരം ഓരോവർഷവും ആയിരം കോടിയിലധികം കേന്ദ്രസഹായം ലഭിച്ചിട്ടും ഗ്രാമീണാരോഗ്യ പരിപാലന രംഗത്ത് മുമ്പുണ്ടായിരുന്ന സേവനങ്ങൾ പോലും നിർത്തലാക്കുന്ന സമീപനമാണ് സംസ്ഥാനത്തുളളതെന്നും പിണറായി ഭരണത്തിൽ ആരോഗ്യമേഖല പിന്നോട്ടു പോയിരിക്കുകയാണെന്നും ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ പറഞ്ഞു.കുറ്റ്യാടി ഗവൺമെൻറ് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റിനെ നിയമിക്കാത്തതുൾപ്പെടെ വിവിധവിഷയങ്ങൾ ഉന്നയിച്ച് ബിജെപി കുറ്റ്യാടി മണ്ഡലംഭാരവാഹികൾ ആശുപത്രിക്ക് മുന്നിൽ നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസവത്തിനും, അസ്ഥി പൊട്ടലിനും ചികിത്സിക്കാൻ ആളില്ലാത്ത താലൂക്ക് ആശുപത്രികൾ ആരോഗ്യമേഖലക്ക് അപമാനമാണ്.കേന്ദ്ര സർക്കാർ സ്ത്രീകൾക്കും,കുട്ടികൾക്കുമായി നടപ്പിലാക്കുന്ന ജനക്ഷേമകരമായ നിരവധി പദ്ധതികൾ അട്ടിമറിക്കപ്പെടുകയാണ്.കേന്ദ്രസർക്കാരിൻറെ മാതൃവന്ദന,നവജാത ശിശു പദ്ധതികൾ അമ്മമനസ്സ്,താലോലം തുടങ്ങിയ പദ്ധതികളായി പേരുമാറ്റി.സാധാരണക്കാരായ സ്ത്രീകൾക്ക് പ്രസവത്തിന് കേന്ദ്രസർക്കാർ അയ്യായിരം രൂപയുടെ സഹായധനം നൽകുമ്പോൾ കുറ്റ്യാടി താലൂക്ക് ആശുപത്രിപോലെ നൂറുകണക്കിന് ഗർഭിണികൾ ആശ്രയിക്കുന്ന ഒരിടത്ത് ഗൈനക്കോജിസ്റ്റിനെ നിയമിക്കാൻ പോലും സംസ്ഥാന സർക്കാരിനാവുന്നില്ല. ഓരോ ആവശ്യത്തിനും സ്വകാര്യ ആശുപത്രികളിലേക്ക് ആളുകളെ അയയ്ക്കുന്ന എജൻസി സെൻററായി ഗവൺമെൻറ് ആശുപത്രി മാറിയിരിക്കുകയാണ്.ആശുപത്രി കെട്ടിടം വികസിക്കുകയും,രോഗികളുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്നിടത്ത് മുമ്പുണ്ടായിരുന്ന സേവനങ്ങൾ പോലും ഇല്ലാതാമ്പോൾ ആശുപത്രിയെ നിയന്ത്രിക്കുന്ന ബ്ലോക്ക് പഞ്ചായത്തിനും ഇതിൻറെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് സജീവൻ പറഞ്ഞു.മുൻ കാലങ്ങളിൽ സാധാരണക്കാരായ നൂറുകണക്കിന് സ്ത്രീകൾ പ്രസവത്തിന് ആശ്രയിച്ചിരുന്ന ആശുപത്രിയിൽ നിലവിൽ ഗൈനക്കോളജിസ്റ്റിൻ്റെ നിയമനം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി മണ്ഡലം പ്രസിഡൻ്റ് ഒ.പി.മഹേഷിൻ്റെ നേതൃത്തിൽ ആശുപത്രിക്ക് മുന്നിൽ ഉപവാസ സമരം നടത്തിയത്.ബിജെപി മേഖല വൈസ് പ്രസിഡൻ്റ് എം.പി.രാജൻ, സംസ്ഥാന കൗൺസിൽ അംഗം എം.എം.രാധാകൃഷണൻ മാസ്റ്റർ, ജനറൽ സെക്രട്ടറിമാരായ രാജഗോപാൽ പുറമേരി,കെ.എം.രാജൻ എന്നിവർ സംസാരിച്ചു.ഉപവാസത്തിന് നേതാക്കളായരാജീവൻ മയിലിയോട്ട്,
ആർ.കെ.ശങ്കരൻ,കെ.എം രാധ,
പറമ്പത്ത് കുമാരൻ,മുകുന്ദൻ വട്ടോളി,
കെ.സി.സുധീർ രാജ്,വാസു വേളം,
രാധാകൃഷ്ണൻ .കെ.കെ,വിജേഷ് വേളം,
അനീഷ് .പി.പി,സുധ,ഷീബ അരൂർ. എന്നിവർ നേതൃത്വം നൽകി.