കോഴിക്കോട്: ജില്ലയില്‍ ക്ഷയരോഗ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും മികച്ച രീതിയില്‍ നേതൃത്വം നല്കി പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനമാണ് ജില്ലാ ടിബി കേന്ദ്രമെന്നും 2025 ഓട് കൂടി ക്ഷയരോഗ മുക്തകേരളമാക്കുന്നതിനുള്ള അക്ഷയകേരളം പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളുടെ സഹകരണത്തോടെ ജില്ലയില്‍ നടപ്പിലാക്കുന്നതിന് ജില്ലാ ടിബി കേന്ദ്രത്തിന് കഴിയുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി. വീണാ ജോര്‍ജ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ടിബി കേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട അനുബന്ധ കെട്ടിടം സിബി നാറ്റ് ഉള്‍പ്പെടെ ഉള്ള പരിശോധന സംവിധാനങ്ങള്‍ ഒരുക്കുന്നതിനും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എന്‍.ടി.ഇ.പി പരിശീലന പരിപാടികള്‍ നല്‍കുന്നതിനും ഒരു മുതല്‍ക്കൂട്ടാവുമെന്നും ക്ഷയ രോഗമുക്ത കേരളത്തിനായുള്ള ജില്ലയിലെ അക്ഷയ കേരളം പദ്ധതിയുമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും മന്ത്രി അധ്യക്ഷ പ്രസംഗത്തില്‍ സൂചിപ്പിച്ചു.
നാഷണല്‍ ട്യൂബര്‍കുലോസിസ് എലിമിനേഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകരെ മന്ത്രി ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.പുതിയറയിലെ ജില്ലാ ടിബി കേന്ദ്രത്തില്‍ കോര്‍പറേഷന്‍റെ സഹായത്തോട് കൂടി ഒരു കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ സൗകര്യം കൂടി ഒരുക്കുവാന്‍ മുന്‍കൈ എടുക്കുമെന്ന് കോര്‍പറേഷന്‍ കൗണ്‍സിലര്‍ ശ്രീ.ടി രനീഷ് അറിയിച്ചു
ഗൈല്‍ ഇന്‍ഡ്യാ ലിമിറ്റഡ് ജില്ലാ ടിബി സെന്‍ററിന് സംഭാവന ചെയ്ത മൊബൈല്‍ എക്സ്റേ യൂനിറ്റിന്‍റെ ഉദ്ഘാടനവും ക്ഷയരോഗ ബോധ വല്കരണവുമായി ബന്ധപ്പെട്ട് നിര്‍മിച്ച “ആരോഗ്യ ചിന്ത ” ഷോര്‍ട് ഫിലിമിന്‍റെ പ്രകാശനവും തുറമുഖം മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു.
കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ഡോ. ബീന എം ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. കോഴിക്കോട് ജില്ലാ കളക്റ്റര്‍ ഡോ.തേജ് ലോഹിത് റെഡ്ഡി ഐ.എ.എസ് മുഖ്യാതിഥിയായി. ജനമൈത്രി പോലീസ് ജില്ലാ ടിബി സെന്‍ററിന് നല്കിയ ഓക്സിജന്‍ കോണ്‍സന്‍റ്രേറ്ററിന്‍റെ ഉദ്ഘാടനം കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ .ടി.രനീഷ് നിര്‍വഹിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഉമ്മര്‍ ഫാറൂഖ്, ജില്ലാ ടിബി & എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ.പി.പി പ്രമോദ് കുമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ.നവീന്‍, ഗൈല്‍ ഇന്‍ഡ്യാ ലിമിറ്റഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഇ.കെ രാജീവ് കുമാര്‍.വിജു എം നായര്‍, ജനമൈത്രി സിവില്‍ പോലീസ് ഓഫീസര്‍ സുനിത, ഗവ .മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട്. ഡോ.കെ.സി രമേഷ് , എന്നിവര്‍ സംസാരിച്ചു.
ജില്ലാ ടിബി കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍:
ജില്ലാ ടിബി ഓഫീസര്‍ കൂടാതെ രണ്ട് പള്‍മണോളോജിസ്റ്റുകളുടെ സേവനം ലഭ്യമാണ്
ദിവസേന ടിബി ഉള്‍പ്പെടെയുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ഒ.പി പ്രവര്‍ത്തിക്കുന്നു.
ഡിജിറ്റല്‍ എക്സ് റേ സംവിധാനം ലഭ്യമാണ്.
ഇ.സി.ജി സംവിധാനം ലഭ്യമാണ്
ടിബി ഉള്‍പ്പെടെയുള്ള ലാബ് പരിശോധന
സിബി നാറ്റ് പരിശോധന
എല്ലാ വെള്ളിയാഴ്ചയും പ്രത്യേക കോവിഡ് വാക്സിനേഷന്‍ ക്യാമ്പ്
ആഴ്ചയില്‍ ഒരിക്കല്‍ ടുബാക്കോ സെസേഷന്‍ ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നു
ആഴ്ചയില്‍ രണ്ട് ദിവസം പോസ്റ്റ് കോവിഡ് ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നു
ആഴ്ചയില്‍ ഒരു ദിവസം കോവിഡ് പരിശോധന (ആര്‍.ടി.പി.സി.ആർ)