Tuesday, December 3, 2024
GeneralLatest

നഷ്ടപ്പെട്ട വഖ്ഫ് സ്വത്തുകൾ തിരിച്ചുപിടിക്കും: മന്ത്രി അഹ്‌മദ് ദേവർ കോവിൽ


കോഴിക്കോട്: കേരളത്തിലെ അന്യാധീനപ്പെട്ട മുഴുവന്‍ വഖ്ഫ് സ്വത്തുകളും  ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ തിരിച്ചുപിടിക്കുമെന്ന്  മന്ത്രി അഹ്മദ് ദേവര്‍കോവില്‍.  ഇതിന് പൊതുസമൂഹത്തിന്റെ ശക്തമായ പിന്തുണ അദ്ദേഹം ആവശ്യപ്പെട്ടു. രിസാല വാരികയുടെ വഖ്ഫ്  പതിപ്പിന്റെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മുസ് ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം വിശ്വാസപ്രധാനമാണ് വഖഫ് സ്വത്തുകള്‍. ഇവ  ക്രമവിരുദ്ധമായി പലരും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കെട്ടിടം പണിയുകയും മറിച്ചുവില്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവയെല്ലാം കണ്ടെത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതിനെ രാഷ്ട്രീയപരമായ നടപടിയെന്ന് പറഞ്ഞു വിലകുറച്ചു കാണിക്കാന്‍ ശ്രമം നടത്തുന്നുണ്ട്.  പ്രതിബന്ധമെന്ത് തന്നെയുണ്ടായാലും സര്‍ക്കാര്‍ മുന്നോട്ടു പോകും. ഡിജിറ്റലൈസേഷന്‍ നടപടികള്‍ ഇപ്പോള്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയും കൈവശം വെച്ചുകൊണ്ടിരിക്കുന്ന വഖ്ഫ് സ്വത്തുകള്‍ നഷ്ടപ്പെടുമെന്ന ഭയത്താലുമാണ് ചിലര്‍ സമരവുമായി രംഗത്തിറിങ്ങിയിരിക്കുന്നത്. എന്നാല്‍ ഇതിനെ രാഷ്ട്രീയ വിഷയമായി  ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. കാലികപ്രസക്തമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് രിസാല നടത്തിയത്. ഇത് അഭിന്ദനാര്‍ഹമാണ്. നഷ്ടമായ വഖ്ഫ് സ്വത്തുകള്‍ എവിടെയെല്ലാം അന്യാധീനപ്പെട്ടു  കിടക്കുന്നുവെന്ന് കണ്ടെത്തി
പൊതുസമൂഹത്തിന്റെ മുന്നില്‍ കൊണ്ടു വരാനും സര്‍ക്കാറിന്റെ ശ്രമങ്ങളോടൊപ്പം നില്‍ക്കാനും മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.  കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിക്ക് നൽകി രിസാല വഖ്ഫ് പതിപ്പിൻ്റെ പ്രകാശനം മന്ത്രി നിർവ്വഹിച്ചു.
വഖ്ഫ് മന്ത്രി വി അബ്ദുര്‍റഹ്മാന്‍, വഖഫ് ബോര്‍ഡ് സി ഇ ഒ ബി.എം ജമാല്‍, റിട്ട. ജഡ്ജ് എം.എ നിസാര്‍ എന്നിവരുടെ അഭിമുഖമുള്‍പ്പെടെ നഷ്ടപ്പെട്ട വഖ്ഫ് സ്വത്തുകളെ കുറിച്ചുള്ള സമഗ്രമായ അന്വേഷണമാണ് രിസാല  നടത്തിയിട്ടുള്ളത്.
 ചടങ്ങില്‍ രിസാല മാനേജിംഗ് എഡിറ്റർ എസ് ശറഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കാസിം ഇരിക്കൂർ, എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എന്‍ ജഅ്ഫര്‍, ഹാമിദലി സഖാഫി പാലാഴി, സലീം അണ്ടോണ പ്രസംഗിച്ചു.

Reporter
the authorReporter

Leave a Reply