പൂച്ചാക്കല്‍: ആലപ്പുഴ അരൂക്കുറ്റിയില്‍ യുവാവ് സഹോദരിയുടെ ഭര്‍ത്താവിനെ അടിച്ചു കൊന്നു. അരൂക്കുറ്റി പഞ്ചായത്ത് മൂന്നാം വാര്‍ഡ് ചക്കാലനികര്‍ത്ത് റിയാസാണ് (36) മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. റിയാസിന്റെ ഭാര്യസഹോദരനെയും പിതാവിനെയും പൊലിസ് കസ്റ്റഡിയിലെടുത്തു. അരൂക്കുറ്റി പഞ്ചായത്ത് ആറാം വാര്‍ഡ് അരങ്കശേരി റനീഷ്(36), പിതാവ് നാസര്‍(60) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മരിച്ച റിയാസും ഭാര്യ റനീഷയും എന്നും വഴക്കും റനീഷയെ മര്‍ദിക്കലും പതിവായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
ഇന്നലെ രാത്രിയും വഴക്കും മര്‍ദനവും ഉണ്ടായി. ഇതിനെ തുടര്‍ന്ന് വീടിനടുത്തുളള സുഹൃത്ത് ചിലമ്പശേരി നിബുവിന്റെ വീട്ടിലെത്തിയ റിയാസിനോട് റനീഷും നാസറും എത്തി കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ തര്‍ക്കമുണ്ടാവുകയും ക്രിക്കറ്റ് സ്റ്റംപ് ഉപയോഗിച്ച് റിയാസിനെ റനിഷ് അടിക്കുകയുമായിരുന്നു. പിതാവും ഒപ്പമുണ്ടായിരുന്നു. അടികിട്ടിയ ശേഷം പിന്‍വാങ്ങിയ ഇവരെ റിയാസ് വീണ്ടും വെല്ലുവിളിച്ചെന്നാണ് വിവരം. ഇതോടെ റിയാസിനെ റനീഷ് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കാലൊടിയുന്നവരെ കുത്തുകയായിരുന്നു. സംഭവസമയം നിബു വീടിനകത്തായിരുന്നു.