തിരുവനന്തപുരം: ചാൻസിലർ സ്ഥാനം വേണ്ടെന്ന നിലപാടിലുറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇനി സ്ഥാനം ഏറ്റെടുക്കില്ലെന്നും സർവകലാശാല വിഷയങ്ങൾ കൈകാര്യം ചെയ്യരുതെന്ന് രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. ഗവർണർ തന്നെ ചാൻസിലറാകണമെന്നത് ഭരണഘടനാപരമല്ലെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ.
ധാർമ്മികതയ്ക്കും നിയമത്തിനും നിരക്കാത്തത് തനിക്ക് ചെയ്യേണ്ടി വന്നു, അത് അംഗീകരിക്കുന്നു എന്നാലിനിയും തെറ്റ് തുടരാൻ വയ്യ. വിവാദങ്ങൾ തുടങ്ങിയ സമയത്തെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഗവർണർ. താൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിക്കുന്നു.
കണ്ണൂർ വിസിയുടെ പുനർനിയമനത്തെ ചൊല്ലിയുണ്ടായ വിവാദങ്ങളാണ് ഗവർണർ ചാൻസിലർ സ്ഥാനം ഒഴിവാക്കുന്ന നിലയിലേക്ക് വളർന്നത്. തന്നെ സമ്മർദ്ദത്തിലാക്കിയെന്നാണ് തുടക്കം മുതൽ ഗവർണർ പരാതിപ്പെടുന്നത്. ഗവർണർ സർക്കാർ പോര് മുറുകുന്നതിനിടെ മന്ത്രിമാരുടേയും സിപിഎം നേതാക്കളുടെയും ഭാര്യമാരുടെ അടക്കം നിയമന വിവാദങ്ങളും സജീവ ചർച്ചയായി. ഉന്നത വിദ്യാഭ്യാസ രംഗം അടിമുടി രാഷ്ട്രീയക്കാരുടെ പിടിയിലാണെന്ന വിമർശനം ശക്തമായി നിൽക്കുന്നതിനിടെയാണ് നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന ഗവർണറുടെ പ്രഖ്യാപനം.