കോഴിക്കോട് : അമേരിക്കയിലെ ടെക്സാസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ആഗോള ഇന്ത്യക്കാരുടെ സാംസ്കാരിക-ക്ഷേമ സംഘടനയായ ഗ്ളോബൽ ഇന്ത്യൻ കൗൺസിലിന്റെ പി എൻ പണിക്കരുടെ നാമധേയത്തിലുളള നൂതനാശയപുരസ്കാരം കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ദർശനം സാംസ്കാരികവേദിക്ക് പ്രഖ്യാപിച്ചു. 50000 രൂപയുടെ പുസ്തകങ്ങൾ, പ്രശസ്തി പത്രം, ഗുരുകുലം ബാബു രൂപകല്പന ചെയ്ത വെങ്കലശില്പം എന്നിവ ആഗസ്റ്റ് 20 ന് അളകാപുരിയിൽ നടത്തുന്ന ഗ്ളോബൽ ഇന്ത്യൻ കൗൺസിലിന്റെ നോർത്ത് കേരള ചാപ്റ്റർ ഉദ്ഘാടന സമ്മേളനത്തിൽ വച്ച് നല്കുമെന്ന് ഭാരവാഹികൾ കലിക്കറ്റ് പ്രസ്സ് ക്ളബ്ബിലെ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരള മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ കെ.ബൈജുനാഥ് പുരസ്കാരസമർപ്പണം നടത്തും. ഗ്ളോബൽ ഇന്ത്യൻ കൗൺസിൽ ആഗോള പ്രസിഡന്റ് പ്രൊഫ.കെ.പി മാത്യു (ടെക് സാസ്, അമേരിക്ക) മുഖ്യാതിഥി ആകും . കോവിഡ് കാലത്ത് വായനശാലകൾ അടഞ്ഞുകിടന്നപ്പോൾ , ലോകമാസകലമുള്ള ജനത മുറികൾക്കുള്ളിലേക്ക് ഒതുങ്ങിയപ്പോൾ, അവരെ ഒറ്റപ്പെടലിൽ നിന്ന് മോചിപ്പിക്കാനും മാനസികമായി ഉത്തേജിപ്പിക്കാനുമാണ് 2020 ആഗസ്റ്റ് 15 ന് ദർശനം ഓൺലൈൻ വായന മുറിക്ക് രൂപം നല്കിയത്. വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പരമാവധി 30 മിനിട്ട് കൊണ്ട് വായിച്ചു തീർക്കാവുന്ന കഥകൾ, നോവലിന്റെ ഒരധ്യായം, കവിതകൾ, സിനിമാ പഠനങ്ങൾ , ലേഖനങ്ങൾ, യാത്രാ വിവരണങ്ങൾ, ഓർമ്മ തുടങ്ങി സാഹിത്യത്തിന്റെ എല്ലാ മേഖലകളിൽ നിന്നുമുള്ള രചനകൾ സ്മാർട്ട് ഫോണിൽ പ്രതിദിന വായനക്ക് സൗജന്യമായി നല്കും . രചനകളെ ആസ്പദമാക്കി 10 ൽ കവിയാത്ത ചോദ്യങ്ങളും ശരിയുത്തരങ്ങൾ നല്കുന്ന തദ്ദേശീയരും വിദേശമലയാളികൾക്കും ഉൾപ്പടെ പ്രമുഖ എഴുത്തുകാർ കയ്യൊപ്പു ചാർത്തിയ പുസ്തകങ്ങൾ സമ്മാനമായി നല്കും . കോവിഡ് നിയന്ത്രണങ്ങൾക്ക് അയവുവന്നുവെങ്കിലും സ്‌മാർട് ഫോണിൽ പ്രശസ്തരുടെയും പുതു തലമുറ എഴുത്തുകാരുടെ യും രചനകൾ വായനക്ക് ലഭ്യമാകുന്ന സംവിധാനം തുടരണമെന്നാണ് വിദേശ മലയാളികൾ ഉൾപ്പടെ ആവശ്യപ്പെടുന്നത്. പതിനായിരം രൂപയുടെ രക്ഷാധികാരി അംഗത്വവും 25000 രൂപയുടെ മുഖ്യ രക്ഷാധികാരി അംഗത്വവും എടുക്കുന്ന വായനക്കാരുടെ സഹകരണത്തോടെ സമ്മാന പുസ്തകങ്ങൾ വാങ്ങുന്നതിനുള്ള ഭാരിച്ച ചെലവുകൾ നിർവ്വഹിക്കുന്നു. തിരുവനന്തപുരത്തെ സായാഹ്ന ഫൗണ്ടേഷന്റെ സാങ്കേതികപിന്തുണയും പ്രധാന പ്രസാധകരുടെയും എല്ലാ മുതിർന്ന സാഹിത്യകാരൻമാരുടെയും ഉറച്ച പിന്തുണയോടെയാണ് സമാനതകളില്ലാത്ത ഈ സംരംഭം മുന്നേറുന്നത്. ഓൺലൈൻ വായന മുറിക്ക് മൂന്ന് വർഷം പൂർത്തിയാകുന്ന ദിവസം തന്നെ പുരസ്കാരം പ്രഖ്യാപിക്കാൻ കഴിഞ്ഞത് ഗ്ളോബൽ ഇന്ത്യൻ കൗൺസിലിന്റെ നോർത്ത് കേരള ചാപ്റ്ററിന് അഭിമാനമുണ്ടെന്ന് പ്രസിഡന്റ് പ്രൊഫ. വർഗീസ് മാത്യു, സംഘാടകസമിതി ചെയർമാൻ ആറ്റക്കോയ പള്ളിക്കണ്ടി എന്നിവർ പറഞ്ഞു. പത്ര സമ്മേളനത്തിൽ നിയമോപദേശകൻ അഡ്വ. ജലീൽ ഓണാട്ട്, നിർവ്വാഹകസമിതി അംഗം മുരളി ബേപ്പൂർ എന്നിവരും പങ്കെടുത്തു.