ന്യൂഡൽഹി: മുൻ വിദേശകാര്യ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. നട്വർ സിംഗ് അന്തരിച്ചു. 95 വയസായിരുന്നു. ദീർഘനാളത്തെ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം. ഡൽഹിക്കടുത്ത് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു അദ്ദേഹമെന്ന് കുടുംബ വൃത്തങ്ങൾ അറിയിച്ചു.
1931-ൽ രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലാണ് നട്വർ സിംഗ് ജനിച്ചത്. മുൻ കോൺഗ്രസ് എംപിയായിരുന്ന നട്വർ സിംഗ്, അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ നേതൃത്വത്തിലുള്ള യുപിഎ-1 സർക്കാരിൻ്റെ കാലത്ത് 2004-05 കാലഘട്ടത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായിരുന്നു.
പാക്കിസ്ഥാനിലെ അംബാസഡറായും സേവനമനുഷ്ഠിച്ച അദ്ദേഹം 1966 മുതൽ 1971 വരെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഓഫീസിലും പ്രവർത്തിച്ചിട്ടുണ്ട്. 1984-ൽ അദ്ദേഹത്തിന് രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.
നട്വർ സിംഗ് നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ദി ലെഗസി ഓഫ് നെഹ്റു: എ മെമ്മോറിയൽ ട്രിബ്യൂട്ട് , മൈ ചൈന ഡയറി 1956-88 തുടങ്ങിയ കൃതികൾ രചിച്ചിട്ടുണ്ട്. വൺ ലൈഫ് ഈസ് നോട്ട് ഇനഫ് അദ്ദേഹത്തിൻ്റെ ആത്മകഥയാണ്.