കോഴിക്കോട്: പാദരക്ഷാ നിര്‍മാണങ്ങളുടെ ഹബ്ബായി കോഴിക്കോട് മാറുന്നു. കോഴിക്കോട് നഗരത്തിലും പരിസരത്തുമായി ചെറുതും വലുതുമായ നൂറിലേറെ പാദരക്ഷാ നിര്‍മാണ കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. വി.കെ.സി ആയാലും ഒഡിസിയ ആയാലും പെല്ലാബോ ആയാലും ആളുകള്‍ ഇഷ്ടപ്പെടുന്ന മോഡലുകളെല്ലാം കോഴക്കോട്ടുനിന്നാണെന്നതാണ് പ്രത്യേകത.
2018ല്‍ ഇന്ത്യയിലാകെ നിര്‍മിക്കപ്പെട്ടത് 25.79 കോടി ജോഡി പാദരക്ഷകളാണ്. ലോകത്താകെ പാദരക്ഷാ നിര്‍മാണത്തിന്റെ 10 ശതമാനം ഇന്ത്യയിലാണ്. 2020-25 കാലഘട്ടത്തില്‍ 8.28 ശതമാനം വളര്‍ച്ചയാണ് ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നത്. 9.7 ബില്യണ്‍ ഡോളര്‍ ആണ് ഇന്ത്യന്‍ ഫൂട് വെയര്‍ മാര്‍ക്കറ്റിന്റെ മൂല്യം. ഇതില്‍ ഗണ്യമായൊരു ഭാഗം സംഭാവന ചെയ്യുന്നത് കോഴിക്കോട്ടുനിന്നാണ്.
കൊവിഡ് കാലത്ത് പാദരക്ഷാവ്യാപാരത്തില്‍ മാന്ദ്യമുണ്ടായെങ്കില്‍ ഇപ്പോള്‍ വിപണി ഉണര്‍വിന്റെ പാതയിലാണ്. വ്യാപാരികള്‍ക്ക് ഉത്തരേന്ത്യന്‍ ഫാക്റ്ററികളില്‍ചെന്ന് പാദരക്ഷകള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കാനുള്ള പ്രയാസങ്ങള്‍ മുന്നില്‍ക്കണ്ട് പ്രധാന കെമിക്കല്‍ കമ്പനിയായ ബിഎഎസ്എഫ് ഓണ്‍ലൈന്‍ വ്യാപാരവും ആരംഭിച്ചു കഴിഞ്ഞു. mypu.basf.com എന്ന സൈറ്റില്‍ ആമസോണ്‍ മാതൃകയിലാണ് വ്യാപാരം. പാദരക്ഷാ നിര്‍മാതാക്കള്‍ക്ക് ഇതില്‍ കയറി ആവശ്യത്തിന് ഓര്‍ഡറുകള്‍ നല്‍കാം.
പി.യു (പോളിയുറിത്തിന്‍), ടിപിയു (തെര്‍മൊപ്ലാസ്റ്റിക് പോളിയൂറിത്തിന്‍) എന്നിവയാണ് പാദരക്ഷാ നിര്‍മാണത്തിലെ പ്രധാന അസംസ്‌കൃത വസ്തുക്കള്‍. കൊവിഡ് കാലത്ത് കൂടുതല്‍ പേര്‍ ഓണ്‍ലൈന്‍ ആയിരിക്കു പശ്ചാത്തലത്തിലാണ് പ്രധാനമായും കോഴിക്കോടെ ഉപഭോക്താക്കളെ ഉദ്ദേശിച്ച് ഓണ്‍ലൈന്‍ വ്യാപാരം ആരംഭിക്കുന്നതെന്ന് ബിഎഎസ്എഫ് ബിസിനസ് ഇന്ത്യ ഡയരക്റ്റര്‍ പ്രബിര്‍ ദാസ് പറഞ്ഞു. ഞങ്ങളുടെ കോഴിക്കോട്ടെ ഉപഭോക്താക്കളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ നല്ല വിപണന അനുഭവമാണ് ഓണ്‍ലൈനില്‍ ബിഎഎസ്എഫ് ഒരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളെടുക്കുന്ന എല്ലാ തീരുമാനങ്ങളിലും ഉപഭോക്താവാണ് മുഖ്യമെന്ന് ബിഎഎസ്എഫ് പെര്‍ഫോര്‍മന്‍സ് മെറ്റീരിയല്‍സ് കണ്‍സ്യൂമര്‍ ഇന്‍ഡസ്ട്രി വൈസ് പ്രസിഡന്റ് മിന്‍ലി ഴാവൊ പറഞ്ഞു. രാജ്യത്താദ്യമായി കോഴിക്കോട്ടെ വ്യാപാരികള്‍ക്കുവേണ്ടി ഓണ്‍ലൈന്‍ വ്യാപാരം സാധ്യമാക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.