കാസര്‍കോട്: നായന്മാര്‍മൂല ആലമ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതില്‍ ആരോഗ്യവകുപ്പ് അന്വേഷണമാരംഭിച്ചു. പാലിന്റെയും മറ്റ് ഭക്ഷ്യവസ്തുക്കളുടേയും സാംപിളുകള്‍ ഇന്ന് ശേഖരിക്കും. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തിലാണ് അന്വേഷണം.
അതേസമയം, സ്‌കൂളിലെ പാല്‍വിതരണം നിര്‍ത്തിവച്ചു.
ആലമ്പാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 30 ഓളം വിദ്യാര്‍ഥികളെയാണ് സ്‌കൂളില്‍ നിന്ന് വിതരണം ചെയ്ത പാല്‍ കുടിച്ചതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ ചെങ്കളയിലെ സഹകരണാശുപത്രിയിലും വിദ്യാനഗറിലെയും ആശുപത്രികളിമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഏതാനും കുട്ടികളെ പ്രാഥമിക ശുശ്രൂഷക്കു ശേഷം വിട്ടയച്ചു. അതേസമയം പാല്‍ ഉപയോഗിച്ച എല്ലാ കുട്ടികള്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടില്ല.