കോഴിക്കോട് :കല്ലായി റോഡിലെ ജയലക്ഷ്മി സില്‍ക്‌സിന്റെ കെട്ടിടത്തിൽ തീപ്പിടുത്തം. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. തീ ഉയരുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ആദ്യം ജീവനക്കാര്‍ തന്നെ തീ അണയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നും മലപ്പുറത്ത് നിന്നും എത്തിയ അഗ്‌നി രക്ഷാസേനയുടെ 20 ഓളം യൂണിറ്റുകള്‍ ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്നാം നിലയിലാണ് വലിയ നിലയില്‍ തീ പടര്‍ന്നത്. ഇവിടെ നിന്നും പ്ലാസ്റ്റിക് ബോര്‍ഡുകളും മറ്റും ഉരുകിവീണ് ഷോറൂമിന് സമീപം നിര്‍ത്തിയിട്ട രണ്ട് കാറുകള്‍ കത്തിനശിച്ചു. എ സി യുടെ ഔട്ട് ഡോര്‍ യൂണിറ്റില്‍ നിന്ന് ആണ് തീ പടര്‍ന്നത് എന്ന് സംശയിക്കുന്നു. സമീപത്ത് പെട്രോള്‍ പമ്പ് ഉണ്ടെങ്കിലും അത് മറു വശത്ത് ആയതിനാല്‍ വലിയ അപകടം ഒഴിവായി. മേയർ ഡോ. ബീനാ ഫിലിപ്പ്, ഡെപ്യുട്ടി കലക്ടർ അനിതകുമാരി എന്നിവർ സ്ഥലത്തെത്തി. കല്ലായി റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.