സംസ്ഥാനത്ത് ബാർ കോഴ വിവാദം ശക്തമായിരിക്കെ എക്സൈസ് മന്ത്രി എം.ബി രാജേഷ് സ്വകാര്യ സന്ദർശനത്തിനായി യൂറോപ്പിലേക്ക് യാത്ര തിരിച്ചു. കുടുംബസമേതം വിയന്നയിലേക്കാണ് ഒരാഴ്ചത്തേക്ക് യാത്ര പുറപ്പെട്ടത്. അടുത്തമാസം രണ്ടിന് മന്ത്രി തിരിച്ചെത്തും. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ എത്തുന്ന മന്ത്രി ഫ്രാൻസ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുമെന്നാണ് വിവരം.
മദ്യ നയത്തിൽ ഇളവ് ലഭിക്കാൻ കോഴ നൽകണമെന്ന ബാർ അസോസിയേഷൻ നേതാവിന്റെ ശബ്ദ സന്ദേശം പുറത്തു വന്നത് ഏറെ വിവാദമായിരിക്കെയാണ് എക്സൈസ് മന്ത്രി വിദേശത്തേക്ക് പോകുന്നത്. ഡ്രൈ ഡേ പിൻവലിക്കാനുള്ള
സെക്രട്ടറി തല ശുപാർശ സർക്കാറിന് ലഭിച്ചതിന് പിന്നാലെയാണ് ശബ്ദ സന്ദേശവും പുറത്തുവന്നത്. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംഘടന വൈസ് പ്രസിഡൻറ് അനിമോന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. ബാറുടമകൾ 2.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് സന്ദേശത്തിൽ പറയുന്നത്. രണ്ടു ദിവസത്തിനുള്ളിൽ പണം നൽകണമെന്നും ഡ്രൈ ഡേ ഒഴിവാക്കാനും മറ്റു ഇളവുകൾക്കും കൊടുക്കേണ്ടത് കൊടുക്കണമെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്.
എന്നാൽ, ശബ്ദ സന്ദേശം പുറത്തുവന്നതോടെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഡി.ജി.പിക്ക് കത്ത് നൽകിയിരുന്നു. മദ്യനയത്തിൻറെ പേരിൽ പണംപിരിക്കുന്നതിനെ സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്ന് എംബി രാജേഷ് പ്രതികരിച്ചിരുന്നു. ഗൂഡാലോചനയുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വർഷത്തെ മദ്യനയം സംബന്ധിച്ച പ്രാഥമിക ആലോചന പോലും ആരംഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. വിവാദത്തിൽ പാർട്ടി മന്ത്രിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രിയുടെ പരാതിയിൽ വിഷയം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പ്രത്യേക സംഘത്തെ രൂപീകരിച്ച് തന്നെയാകും അന്വേഷണം നടക്കുക.
ഇതിനിടെ ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാലും കുടുംബവും വിദേശയാത്ര നിശ്ചയിച്ചിരുന്നു. എന്നാൽ ധനമന്ത്രിയുടെ ആരോഗ്യ പ്രശ്നങ്ങൾ കാരണം യാത്ര റദ്ദാക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിവിധ രാജ്യങ്ങൾ സന്ദർശിച്ച് തിരിച്ചെത്തിയത്.