Thursday, September 19, 2024
Latest

ചികിത്സ ഉറപ്പാക്കി ആവാസ വ്യവസ്ഥയിൽ തിരികെയെത്തിക്കണം: അരിക്കൊമ്പന് വേണ്ടി പ്രതിഷേധം സംഘടിപ്പിച്ചു


കോഴിക്കോട്: അരിക്കൊമ്പന് മതിയായ ചികിത്സ ഉറപ്പാക്കി ജനിച്ച കാട്ടിൽ അതിന്റെ ആവാസ വ്യവസ്ഥയിൽ തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സേവ് അരിക്കൊമ്പൻ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വനം കയ്യേറ്റത്തിന്റെ ഇരയാണ് അരിക്കൊമ്പൻ. വോട്ടവകാശമുള്ള ആൾക്കൂട്ടത്തിന് മുമ്പിൽ തോറ്റുപോയ വോട്ടവകാശമില്ലാത്ത അരിക്കൊമ്പന് വേണ്ടി നിലകൊള്ളുമെന്നും കേസുമായി മുന്നോട്ട് പോകുമെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് മംഗലാപുരം മുതൽ എറണാകുളം വരെയുള്ള സ്ഥലങ്ങളിൽ നിന്നുള്ള മൃഗസ്നേഹികൾ മാനാഞ്ചിറയ്ക്ക് സമീപം ഒത്തുകൂടിയത്. പ്രകടനാനന്തരം നടന്ന പ്രതിഷേധ യോഗം മാധ്യമ പ്രവർത്തകൻ പ്രദീപ് ഒളവണ്ണ ഉദ്ഘാടനം ചെയ്തു. അഡ്വ. ദീപ, പ്രദീപ് നാരായണൻ, ഷിമ്മി എം, ടെന്നീഷ് തോമസ്, നിജല പരാഡൻ തുടങ്ങിയവർ നേതൃത്വം നൽകി.
അരിക്കൊമ്പനെ ജനിച്ച വനത്തിൽ നിന്ന് മയക്ക് വെടിവെച്ച് പിടികൂടി സ്വന്തം ആവാസ വ്യവസ്ഥയ്ക്ക് വിരുദ്ധമായ കാട്ടിലേക്ക് മാറ്റുകയായിരുന്നു. അമിതമായ മയക്കുമരുന്ന് കാരണം അരിക്കൊമ്പന്റെ ആരോഗ്യത്തിന് ഗുരുരതമായ പ്രശ്നങ്ങളുണ്ട്. വന്യജീവികളെ അവരുടെ ആവാസവ്യവസ്ഥയിൽ നിന്ന് മാറ്റാൻ പാടില്ലെന്ന നിയമം ഉള്ളപ്പോഴാണ് ഇത്തരമൊരു നീക്കം നടന്നതെന്നും പ്രതിഷേധക്കാർ ആരോപിച്ചു. അരിക്കൊമ്പന്റെ ജീവൻ സംരക്ഷിക്കുക, ജനിച്ച സ്വന്തം വനത്തിൽ ജീവിക്കാൻ അനുവദിക്കുക, വനം കൈയ്യേറ്റം തടയുക, ഭൂമാഫിയ, റിസോർട്ട് മാഫിയ കൂട്ടുകെട്ട് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. വയനാട്ടിലാണ് അടുത്ത പ്രതിഷേധ പരിപാടി. നേരത്തെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം കണ്ണൂർ ജില്ലകളിലും സേവ് അരിക്കൊമ്പൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

Reporter
the authorReporter

Leave a Reply