ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. ഏഴു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ഫെബ്രുവരി 10 ന് ഒന്നാം ഘട്ടം. മാർച്ച് ഏഴിന് അവസാന ഘട്ടം.
ഒന്നാം ഘട്ടം ഉത്തർപ്രദേശിൽ ഫെബ്രുവരി 10ന്.
രണ്ടാം ഘട്ടം 14 ന് പഞ്ചാബ്, ഉത്തരാഖണ്ഡ്,ഗോവ,ഉത്തർപ്രദേശ്.
മൂന്നാം ഘട്ടം ഫെബ്രുവരി 20 ന് യുപിയിൽ
നാലാം ഘട്ടം ഫെബ്രുവരി 23 ന് യുപിയിൽ
അഞ്ചാം ഘട്ടം ഫെബ്രുവരി 27 നും യു.പി, മണിപ്പൂർ
ആറാം ഘട്ടം മാർച്ച് 3 ന് യു.പി, മണിപ്പൂർ
ഏഴാം ഘട്ടം മാർച്ച് 7 ന് യു.പി
മാർച്ച് 10 ന് വോട്ടെണ്ണലും ഫല പ്രഖ്യാപനവും
കോവിഡ് കാലത്ത് തിരഞ്ഞെടുപ്പ് നടത്തുന്നത് വലിയ വെല്ലുവിളിയാണെന്നും ഒമിക്രോൺ പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷയ്ക്ക് പ്രധാന പരിഗണന നൽകുമെന്നും തിരഞ്ഞെടുപ്പു കമ്മിഷൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തിരഞ്ഞെടുപ്പിനു വിപുലമായ കോവിഡ് മാർഗരേഖ നൽകും. സ്ഥാനാർഥികൾക്ക് ഓണ്‍ലൈൻ ആയി പത്രിക നൽകാം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് രണ്ടു ഡോസ് വാക്സീൻ നിർബന്ധമാണ്. പോളിങ് ഉദ്യോഗസ്ഥർക്ക് കരുതൽ ഡോസ് കൂടി നൽകും. പോളിങ് സമയം ഒരുമണിക്കൂർ ദീർഘിപ്പിക്കും.
ഈ മാസം 15 വരെ റോഡ് ഷോകളോ പദയാത്രകളോ റാലികളോ അനുവദിക്കില്ല. തിരഞ്ഞെടുപ്പ് പ്രചാരണം പരമാവധി ഡിജിറ്റലായി നടത്തണം. ഫലപ്രഖ്യാപനത്തിനു ശേഷം ആഹ്ലാദപ്രകടനങ്ങൾ അനുവദിക്കില്ല.
ആകെ 690 നിയമസഭാ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. 8.55 കോടി വനിതകളക്കം ആകെ 18.34 കോടി വോട്ടർമാരാണുള്ളത്. 24.9 ലക്ഷം കന്നി വോട്ടർമാരിൽ 11.4 ലക്ഷം സ്ത്രീ വോട്ടർമാരാണ്. പോളിങ് സ്റ്റേഷനുകളുടെ എണ്ണം 16 ശതമാനത്തോളം വർധിപ്പിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ആകെ 2,15,368 പോളിങ് സ്റ്റേഷനുകളാണുള്ളത്. അധികം 30,330 ബൂത്തുകൾ. ഒരു പോളിങ് സ്റ്റേഷനിൽ 1,250 വോട്ടർമാരെ മാത്രമേ അനുവദിക്കൂ. 1,620 പോളിങ് സ്റ്റേഷനുകളിൽ വനിതാ ജീവനക്കാരെ മാത്രം നിയമിക്കും. 50 ശതമാനം പോളിങ് സ്റ്റേഷനുകളിൽ വെബ്കാസ്റ്റിങ് ഉറപ്പാക്കും.
പ്രായമായവർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 80 വയസ്സിനു മുകളിൽ പ്രായമുള്ളളവർക്ക് പോസ്റ്റൽ ബാലറ്റ് വീട്ടിലെത്തിക്കും. കോവിഡ് ബാധിതർക്കും പോസ്റ്റൽ ബാലറ്റ് ഉപയോഗിക്കാം. നിശ്ചിത പരിധിക്കു മുകളിൽ ശാരീരിക അവശതയുള്ളവർക്കും പോസ്റ്റൽ ബാലറ്റ് അനുവദിക്കും.
തിരഞ്ഞെടുപ്പു ചെലവ് പരിധി തിരഞ്ഞെടുപ്പു കമ്മിഷൻ ഉയർത്തി. യുപിയിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും 40 ലക്ഷം രൂപവരെ ചെലവഴിക്കാം. എന്നാൽ, ഗോവയിലും മണിപ്പുരിലും തിരഞ്ഞെടുപ്പ് ചെലവ് പരിധി 28 ലക്ഷമായി തുടരും. അതേസമയം, സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം പാർട്ടികൾ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. സ്ഥാനാർഥിയെ തിരഞ്ഞെടുത്തതിന്റെ കാരണവും പാർട്ടികൾ വ്യക്തമാക്കണം..