കോഴിക്കോട്: സര്‍ക്കാര്‍ സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയര്‍ത്താന്‍ കോഴിക്കോട് നോര്‍ത്ത് മുന്‍ എം.എല്‍.എ. എ പ്രദീപ് കുമാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ പ്രിസം പദ്ധതിയുടെ ഭാഗമായി മുഖം മാറാനൊരുങ്ങുകയാണ് ഈസ്റ്റ് ഹില്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. പദ്ധതിയിലുള്‍പ്പെട്ടശേഷം 5.2 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ പുരോഗമിക്കുന്നത്. ഇതില്‍ 1.8 കോടി രൂപയുടെ ഹയര്‍ സെക്കന്ററി ബ്ലോക്ക് പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്.
ആദ്യ നിലയില്‍ അഞ്ച് ക്ലാസ്മുറികള്‍, ഓഫീസ് റൂം, ശുചിമുറികള്‍ എന്നിവ പൂര്‍ത്തിയായി. രണ്ടാം നിലയില്‍ 1000 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയമാണ് സജ്ജീകരിക്കുന്നത്. ജില്ലയിലെ ഏറ്റവും സൗകര്യപ്രദമായ ഓഡിറ്റോറിയം എന്ന ഖ്യാതി ഇതോടെ ഈസ്റ്റ് ഹില്‍ സ്‌കൂളിന് സ്വന്തമാകും.
ഈ കെട്ടിടത്തിന് സമാന്തരമായി താഴെ നിലയില്‍ ഭോജനശാല, മുകളില്‍ വായനശാല, ഗവേഷണകേന്ദ്രം എന്നിവയും സജ്ജമാക്കുന്നുണ്ട്. ഒരുകോടി രൂപയുടെ കിഫ്ബി ഫണ്ടും പുതിയതായി അനുവദിച്ച 2.4 കോടി രൂപയും സമന്വയിപ്പിച്ചായിരിക്കും ഇതിന്റെ നിര്‍മ്മാണം. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാത്രമല്ല പൊതുസമൂഹത്തിന് കൂടി പ്രയോജനം ലഭിക്കുന്ന രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തം വിഭാവനം ചെയ്തിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായുള്ള ഹൈസ്‌കൂള്‍ ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളിന്റെ പൈതൃകം നിലനിര്‍ത്തിയുള്ളതാണ്. ഇതിനുള്ള പ്രൊജക്ട് പ്രൊപ്പോസല്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ സമര്‍പ്പിച്ച് കഴിഞ്ഞു. സ്‌കൂള്‍ കോമ്പൗണ്ടില്‍ ഫലവൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ച് കുട്ടികള്‍ക്കായി ‘തുറന്ന ക്ലാസ് റൂം’ സങ്കല്‍പത്തില്‍ ബയോ പാര്‍ക്ക് സ്ഥാപിക്കുമെന്ന് പി.ടി.എ. പ്രസിഡന്റ് പി വേണുഗോപാല്‍, പ്രിന്‍സിപ്പല്‍ എ. ശിവരാമന്‍, വൈസ് പ്രിന്‍സിപ്പല്‍ എ.കെ. ജീജ എന്നിവര്‍ പറഞ്ഞു.