Tuesday, October 15, 2024
GeneralLatest

രക്ഷാദൗത്യം വിജയം, ബാബുവിനെ മലമുകളില്‍ എത്തിച്ചു;രക്ഷപ്പെടുത്തിയത് 46 മണിക്കൂറിന് ശേഷം


പാലക്കാട്: മലമ്പുഴയിലെ കരസേനയുടെ രക്ഷാദൗത്യം വിജയം. മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ സേന സുരക്ഷിതമായി രക്ഷപ്പെടുത്തി മലമുകളില്‍ എത്തിച്ചു. ബാബുവിന്റെ അടുത്തെത്തിയ സംഘം ഭക്ഷണവും, വെള്ളവും നല്‍കിയ ശേഷമായിരുന്നു ബാബുവിനെ മലമുകളിലേക്ക് കയറ്റിയത്. ശരീരത്തില്‍ സുരക്ഷാ ബെല്‍റ്റും, ഹെല്‍മറ്റും ഘടിപ്പിച്ച ശേഷം സേനാംഗത്തിനൊപ്പം മുകളിലേക്ക് കയറ്റുകയായിരുന്നു. 9.30 ഓടെ ബാബുവിന്റെ അടുത്തെത്തിയ സംഘം ഏകദേശം 40 മിനിറ്റോളം മല കയറിയാണ് മുകളിലെത്തിയത്.

മല മുകളില്‍ വേണ്ട ഫസ്റ്റ് എയ്ഡ് അടക്കമുള്ള ശുശ്രൂഷകള്‍ നല്‍കിയ ശേഷമായിരിക്കും ബാബുവിനെ താഴെ എത്തിക്കുക. ഹെലിക്കോപ്ടര്‍ മാര്‍ഗ്ഗം ആയിരിക്കും താഴേക്ക് എത്തിക്കുക. ബാബുവിന്റെ കാലില്‍ ഉള്ള പരിക്ക് സാരമല്ലെന്നാണ് അറിയുന്നത്. യുവാവിനെ താഴെ എത്തിച്ച ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കും.

തിങ്കളാഴ്ചയാണ് മലമ്പുഴ ചെറാട് സ്വദേശിയായ ബാബു കാല്‍ വഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയത്. ബാബുവും മൂന്ന് സുഹൃത്തുക്കളും കൂടിയാണ് മല കയറിയത്. ഇതിനിടെ ബാബു കാല്‍വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ബാബുവിനെ രക്ഷിക്കാനായി വടിയും മറ്റും ഇട്ട് നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.പിന്നീട് ബാബുവിന്റെ സുഹൃത്തുക്കള്‍ മലയിറങ്ങിയ ശേഷം പൊലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. 45 മണിക്കൂറിലധികമാണ് ബാബു മലയിടുക്കില്‍ കുടുങ്ങി കിടന്നത്.


Reporter
the authorReporter

Leave a Reply