കോഴിക്കോട്:വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ‘ഹൃദയപൂര്‍വ്വം’ പദ്ധതി നൂറാം ദിവസത്തിലേക്ക് കടക്കുന്നു. 2021 ഓഗസ്റ്റ് ഒന്നുമുതലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊതിച്ചോറ് വിതരണം ആരംഭിച്ചത്. ദിനേന 2500ൽ കൂടുതൽ പൊതിച്ചോറുകളാണ് വിതരണം ചെയ്തുവരുന്നത്. ചില ദിവസങ്ങളിൽ മൂവായിരം മുതൽ നാലായിരം പൊതിച്ചോറുകൾ വരെയും വിതരണം ചെയ്തിട്ടുണ്ട്. രണ്ടു ലക്ഷത്തിൽ കൂടുതൽ പൊതിച്ചോറുകൾ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു
ജില്ലയിലെ വിവിധ മേഖലാ കമ്മിറ്റികൾ സംഘടനാ യൂണിറ്റുകളിൽ നിന്ന് ശേഖരിക്കുന്ന പൊതിച്ചോറ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിതരണത്തിനായി എത്തിക്കുന്നത്. കോവിഡ് പ്രതിസന്ധി കാലഘട്ടത്തും സുമനസ്സുകൾ കാണിക്കുന്ന പിന്തുണ അഭിനന്ദനാർഹമാണ്. തുടർന്നും ഈ പിന്തുണ പ്രതീക്ഷിക്കുന്നു. ഈ വരുന്ന എട്ടാം തിയതി പൊതിച്ചോറ് വിതരണം നൂറ് ദിവസം പൂർത്തിയാവുകയാണ് നൂറാം ദിനത്തിൽ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി സ: പി. മോഹനൻ മാസ്റ്റർ ഭക്ഷണ വിതരണത്തിൽ പങ്കെടുക്കുമെന്ന് ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി
വി.വസീഫ് പറഞ്ഞു.