കോഴിക്കോട്: ഡോ. ഒ.എസ്. രാജേന്ദ്രന്റേത് പുതുമയുള്ള ആവിഷ്‌കാരങ്ങളാണെന്നും ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ക്കാന്‍ അനുവാചകനെ പ്രേരിപ്പിക്കുന്ന നോവലാണ് ജൂലിയെന്നും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും നോവലിസ്റ്റുമായ യു.കെ. കുമാരന്‍ പറഞ്ഞു. സാഹിത്യ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഇ.എന്‍.ടി. വിദഗ്ധന്‍ ഡോ. ഒ.എസ്. രാജേന്ദ്രന്റെ നോവല്‍ ജൂലി, ചലച്ചിത്രതാരം വിനോദ് കോവൂരിന് കൈമാറി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. ഒ.എസ്. രാജേന്ദ്രന്റെ കഥാസമാഹാരമായ പാത്തുമ്മേടെ ചിരിയുടെ മൂന്നാം പതിപ്പ് ചിത്രകാരന്‍ മദനന് നല്‍കി, എം.കെ. രാഘവന്‍ എം.പി. ചടങ്ങില്‍ പ്രകാശനം ചെയ്തു. സാഹിത്യസദസ്സ് കവി പി.കെ. ഗോപി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. അളകാപുരിയില്‍ നടന്ന ചടങ്ങില്‍ കവി ശ്രീധരനുണ്ണി അധ്യക്ഷത വഹിച്ചു. കഥാകൃത്ത് സുദീപ് തെക്കേപ്പാട്ട്, പിന്നണി ഗായകന്‍ സുനില്‍കുമാര്‍, റഹീം പൂവാട്ട്പറമ്പ്, കെ.വി. സക്കീര്‍ ഹുസൈന്‍, രഘുനാഥന്‍ കൊളത്തൂര്‍, ഡോ. ഒ.എസ്. രാജേന്ദ്രന്‍ സംസാരിച്ചു. ചിത്രകലയിലും സാഹിത്യത്തിലും കഴിവു തെളിയിച്ചവര്‍ക്കുള്ള ഉപഹാരങ്ങള്‍ ജഹാന്‍ ജോബി, മാധവന്‍ പയമ്പ്ര, ശ്രീരഞ്ജിനി ചേവായൂര്‍ എന്നിവര്‍ ഏറ്റുവാങ്ങി.