പയ്യന്നൂർ: വർഗ്ഗീയതയ്ക്കും ഭീകരതയ്ക്കും എതിരെ മത വിശ്വാസികൾ ഒന്നിക്കണമെന്ന് കെ.എൻ.എം. ഉപാദ്ധ്യക്ഷൻ ഡോ.ഹുസൈൻ മടവൂർ. നിർഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം എന്ന പ്രമേയത്തിൽ കോഴിക്കോട് നടക്കാനിരിക്കുന്ന പത്താമത് സംസ്ഥാന മുജാഹിദ് സമ്മേളനത്തിൻ്റെ പയ്യന്നൂർ മണ്ഡലം പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതവിശ്വാസികൾ പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും കഴിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മന്ത്രി അബ്ദുറഹിമാൻ്റെ പേരിൽ തന്നെ വർഗ്ഗീയതയുണ്ടെന്ന് ഒരു പുരോഹിതൻ പരസ്യമായി പറഞ്ഞത് കേരളത്തിന്ന് അപമാനമാണ്.
റഹ്മാൻ എന്നത് ദൈവത്തിൻ്റെ പേരാണെന്നും,
പരമ കാരുണികൻ എന്നാണ് ആ പദത്തിൻ്റെ അർത്ഥമെന്നും, ദൈവത്തിന്ന് യാതൊരു വർഗ്ഗീയതയുമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. അബ്ദുറഹിമാൻ, എന്നാൽ കാരുണ്യവാനായ ദൈവത്തിൻ്റെ ദാസൻ എന്നാണെന്നും നബിയെക്കുറിച്ച് ഖുർആൻ റഹ്മത്ത് (കാരുണ്യം ) എന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീനാരായണ ഗുരു, കരുണാവാൻ നബി മുത്ത് രത്നമോ എന്ന് അനുകമ്പാ ദശകത്തിൽ പാടിയത് അദ്ദേഹം അനുസ്മരിച്ചു.. പയ്യന്നൂർ ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ മണ്ഡലം അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ അസീസ് മാസ്റ്റർ വെള്ളൂർ അധ്യക്ഷത വഹിച്ചു. കെ.എൻ.എം. ജില്ലാ ട്രഷറർ സി.എച്ച് ഇസ്മായിൽ ഫാറൂഖി പ്രമേയ വിശദീകരണവും, ബാദുഷാ ബാഖവി, അംജദ് അൻസാരി എന്നിവർ ഉദ്ബോധന പ്രഭാഷണം നടത്തി.കെ.മുഹമ്മദ് ശരീഫ്, അഹമ്മദ് പരിയാരം, ലത്വീഫ് വെള്ളൂർ, പി.പി.അബ്ദുസ്സലാം, അബ്ദുറഷീദ് ടമ്മിട്ടോൺ, എം.പി.ഖാലിദ് തുടങ്ങിയവർ സംസാരിച്ചു.