കണ്ണൂർ : സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതിയായ കശുമാവ് വാറ്റി ഫെനി ഉത്പാദിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കാൻ പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന് അന്തിമാനുമതി ലഭിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതിക്ക് ഒരു സഹകരണസംഘത്തിന് അനുമതി ലഭിക്കുന്നത്.
സർക്കാരിന്റെ പുതുക്കിയ മദ്യനയത്തിലാണ് പഴങ്ങൾ ഉപയോഗിച്ച് മൂല്യവർധിത വസ്തുക്കൾ ഉത്പാദിപ്പിക്കുന്നതിനുള്ള തീരുമാനമെടുത്തത്. ഫെനി ഉത്പാദിപ്പിക്കുന്നതിന് ഡിസ്റ്റിലറി ആരംഭിക്കാൻ ബാങ്കിനാണ് സർക്കാരിൽനിന്ന് അനുമതി ലഭിച്ചത്. എന്നാൽ കഴിഞ്ഞ സീസണിൽ ഉത്പാദനം നടത്താൻ സാധിച്ചില്ല. ഫെനി ഉത്പാദിപ്പിക്കാൻ ലൈസൻസ് നൽകണമെന്ന് വർഷങ്ങളായി കർഷകർ ആവശ്യപ്പെടുന്നു. ഇത് സർക്കാരിനും കർഷകർക്കും ഗുണം ചെയ്യും.
എന്തായാലും അടുത്ത ഡിസംബറോട് ഫെനി ഉത്പാദനം ആരംഭിക്കാനാണ് തീരുമാനം. ഒരു ലിറ്റർ ഉണ്ടാക്കാൻ 200 രൂപ ചെലവാകും. അത് ബിവറേജസ് കോർപ്പറേഷൻ വഴി 500 രൂപയ്‌ക്ക് വിൽക്കും.