ജയപരാജയങ്ങള്‍ക്കനുസരിച്ച് മുന്നണി മാറുന്ന സ്വഭാവം കേരള കോണ്‍ഗ്രസിനില്ലെന്ന് കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ് കെ മാണി. മുന്നണി മാറ്റത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല. ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്നും ബാക്കിയുള്ളതൊക്കെ പൊളിറ്റിക്കല്‍ ഗോസിപ്പുകളാണെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യസഭാ സീറ്റ് സംബന്ധിച്ചുള്ള കാര്യങ്ങള്‍ വ്യക്തമായി സി.പി.എമ്മിനെ അറിയിച്ചിട്ടുണ്ട്. സീറ്റ് വേണമെന്ന ആവശ്യം നേതാക്കള്‍ കേട്ടു. എല്‍.ഡി.എഫില്‍ ധാരണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
‘കേരള കോണ്‍ഗ്രസിനെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കി എന്നാണ് അന്നത്തെ യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പറഞ്ഞത്. അതിനുശേഷം കേരളാ കോണ്‍ഗ്രസ് എടുത്ത രാഷ്ട്രീയ തീരുമാനം ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം നില്‍ക്കുക എന്നതാണ്. ആ രാഷ്ട്രീയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. അതില്‍ ഒരു മാറ്റവുമില്ല. ജയപരാജയം ഉണ്ടാകും. പരാജയം വരുമ്പോള്‍ ഉടനെ മുന്നണി മാറ്റം എന്നതാണോ? അത് ഏതെങ്കിലും ഒരു മാധ്യമം പൊളിറ്റിക്കല്‍ ഗോസിപ്പ് ഉണ്ടാക്കി ചര്‍ച്ച കൊണ്ടുവരാന്‍ വേണ്ടിയിട്ടാണ്. അതില്‍ ആര്‍ക്കെങ്കിലും സുഖം കിട്ടുന്നുണ്ടെങ്കില്‍ കിട്ടിക്കോട്ടെ’- ജോസ് കെ മാണി പറഞ്ഞു.
ബി.ജെ.പിയോ മറ്റേതെങ്കിലും മുന്നണിയോ ഇത് വരെ സമീപിച്ചിട്ടില്ല. കേരള കോണ്‍ഗ്രസിന്റെ ആവശ്യങ്ങളും അര്‍ഹതകളും പറഞ്ഞിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.