കോഴിക്കോട്: കോഴിക്കോട് തളിയിലെ കണ്ടംകുളം സ്വാതന്ത്ര്യ സുവർണ്ണജൂബിലി ഹാളിൻറെ പേര് മാറ്റി വ്യക്തിയുടെ പേരിടാനുളള കോർപറേഷൻറെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ബിജെപി ജില്ലാപ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ ആവശ്യപ്പെട്ടു.സ്വാതന്ത്ര്യത്തിൻറെ അമ്പതാം വാർഷികത്തിൽ കേന്ദ്രസർക്കാർ സഹായത്തോടെ പണിതതും എല്ലാ സ്വാതന്ത്ര്യ സമര സേനാനികളേയും സ്മരിക്കുന്നതും,സ്വാതന്ത്ര്യ സമര സ്മരണകൾ പ്രതിഫലിപ്പിക്കുന്നതുമായ ‘സ്വാതന്ത്ര്യ സുവർണ്ണജൂബിലി ഹാൾ’ എന്ന പേര് മാറ്റുന്നത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിട്ടാണ്.മേയറും,പ്രധാന പ്രതിപക്ഷ കൗൺസിലർമാരും ഒറീസ്സയിൽ പഠനയാത്ര പോയസമയത്ത് ഡെപ്യൂട്ടി മേയറുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിലിൽ മുൻകൂട്ടി നിശ്ചയിച്ച അജണ്ടയിൽ ഉൾപെടുത്താതെ കൗൺസിൽ യോഗത്തിൻറെ അവസാനം സപ്ളിമെൻററി അജണ്ടയായി ഉൾപ്പെടുത്തി അജണ്ട നമ്പർ മാത്രം വായിച്ച് ഈ ഹാളിൻറെ പേരുമാറ്റം പാസ്സാക്കുകയായിരുന്നു.തളി പൈതൃക കേന്ദ്രത്തിലെ സാംസ്കാരിക തനിമയേയും,ക്ഷേത്രസംസ്കാരത്തേയും , പ്രദേശത്തെ മഹാരഥന്മാരേയും അവഗണിക്കുകയും,അവഹേളിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്.സിപിഎമ്മിൻറേയും ഡെപ്യൂട്ടി മേയറുടേയും രാഷ്ട്രീയ അജണ്ടയാണ് ഇതിന് പിന്നിൽ ഉളളതെന്നും സജീവൻ ആരോപിച്ചു.