Sunday, December 22, 2024
EducationLatest

പാഠപുസ്തകങ്ങൾക്കപ്പുറം കൂടുതൽ പുസ്തകങ്ങൾ വായിക്കുന്ന ശീലം വളർത്തിയെടുക്കണം – ജില്ലാ കലക്ടർ


കോഴിക്കോട്;ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്‍റെ സ്ഥാപക നേതാവ് പി.എൻ. പണിക്കരുടെ അനുസ്മരണാർത്ഥം സംഘടിപ്പിക്കുന്ന വായനപക്ഷാചരണത്തിന് ജില്ലയില്‍ തുടക്കമായി. ​ജില്ലാ കലക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഡി ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. പാഠപുസ്തകങ്ങൾക്കപ്പുറം കൂടുതൽ പുസ്തകങ്ങൾ വായിക്കുന്ന ശീലം കുട്ടികൾ വളർത്തിയെടുക്കണം. ഓരോ പുസ്തകങ്ങളും ഓരോ അനുഭവങ്ങളാണെന്നും എല്ലാ ഭാഷയിലുമുള്ള പുസ്തകങ്ങൾ വായിക്കണമെന്നും കലക്ടർ പറഞ്ഞു.
ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. പ്രശസ്ത കവി വീരാൻ കുട്ടി വായനാദിന അനുസ്മരണ സന്ദേശം നൽകി. പുസ്തകങ്ങളെ പ്രണയിക്കുകയും അതിനൊപ്പം ജീവിക്കുകയും ചെയ്യണം. അവ മനുഷ്യനെ നവീകരിച്ചു കൊണ്ടേയിരിക്കും. മരിക്കും വരെ പുസ്തകങ്ങൾ വായിച്ചു കൊണ്ടിരിക്കണമെന്നും ജീവിതാവസാനം വരെ കൂടെയുണ്ടാവുന്ന മിത്രമാണ് പുസ്തകങ്ങളെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവായ പി.എൻ. പണിക്കരെ വരും തലമുറ കൂടുതലായി പഠിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനദിന പക്ഷാചരണത്തിൻ്റെ ഭാഗമായി ജില്ലയിലുടനീളം വിവിധ പരിപാടികൾ സംഘടിപ്പിക്കും. ജില്ലാ ഭരണകൂടം, ഇൻഫർമേഷൻ- പബ്ലിക് റിലേഷൻസ് വകുപ്പ്, ജില്ലാ ലൈബ്രറി കൗൺസിൽ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ, വിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാ മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പക്ഷാചരണം നടത്തുന്നത്.
ചടങ്ങിൽ കോർപറേഷൻ കൗൺസിലർ എസ്.കെ. അബൂബക്കർ മുഖ്യാതിഥിയായി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. ദീപ, ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവ് അഡ്വ. പി.എൻ. ഉദയഭാനു, പി.എൻ.പണിക്കർ ഫൗണ്ടേഷൻ സെക്രട്ടറി അഡ്വ. എം. രാജൻ, എസ്.എസ്.കെ ജില്ലാ പ്രൊജക്റ്റ്‌ മാനേജർ സജീഷ് നാരായണൻ, ഡയറ്റ് സീനിയർ ലെക്ചറർ ഡോ. കെ. എസ് വാസുദേവൻ തുടങ്ങിയവർ സംസാരിച്ചു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. ജയകൃഷ്ണൻ സ്വാഗതവും ​ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക ഷൈനി ജോസഫ് നന്ദിയും പറഞ്ഞു.

Reporter
the authorReporter

Leave a Reply