കോഴിക്കോട്ഃ മെഡിക്കല്‍ കോളേജില്‍ ഗര്‍ഭിണിയായ ഭാര്യക്ക് കൂട്ടിരിക്കാന്‍ വന്ന ആദിവാസി യുവാവ്
വിശ്വനാഥന്‍റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റു ചെയ്യണമെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ആവശ്യപ്പെട്ടു. ആത്മഹത്യ ചെയ്യേണ്ടുന്ന യാതൊരു സാഹചര്യവും വിശ്വനാഥന് ഉണ്ടായിരുന്നില്ല. വിശ്വനാഥന്റേത് കൊലപാതകം ആണെന്ന് ഭാര്യ ബിന്ദുവും സഹോദരങ്ങളും ഉറപ്പിച്ചു പറയുന്നുണ്ട്. അതിനു കൃത്യമായ കാരണങ്ങളും അവർ വിശദീകരിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞ് എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുഞ്ഞുണ്ടായതിന്റെ സന്തോഷത്തിലായിരുന്നു വിശ്വനാഥൻ. കുഞ്ഞിനെ ആദ്യം കണ്ടശേഷം ‘കുട്ടിയെ നോക്കാൻ ഒരു 15 വർഷമെങ്കിലും ആയുസ്സ് എനിക്ക് തരണേ’ എന്നാണ് വിശ്വനാഥൻ പറഞ്ഞതെന്ന് ജ്യേഷ്ഠൻ ഗോപി സാക്ഷ്യപ്പെടുത്തുന്നു.
ആദിവാസി ദളിത് വിഭാഗങ്ങള്‍ക്കെതിരായി കേരളത്തില്‍ അക്രമങ്ങൾ വര്‍ദ്ധിക്കുകയാണ്.കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ 16200 ദളിത് പീഢനകേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. അട്ടപ്പാടിയിൽ മധു കൊലചെയ്യപ്പെട്ടിട്ട് 2023 ഫെബ്രുവരി 22നു അഞ്ചു വർഷം തികയുകയാണ്.മുഷിഞ്ഞ വസ്ത്രം ധരിച്ചവരെ അപമാനിക്കാനും തല്ലിക്കൊല്ലാനും തോന്നുന്ന മാനസികാവസ്ഥ വളരുന്നു.ദയാഭായിയെ ബസില്‍നിന്ന് ഇറക്കിവിട്ടതും,കാറില്‍ ചാരിയതിന് പിഞ്ചുബാലനെ തൊഴിച്ചു താഴെ ഇട്ടതും കേരളത്തിലാണ്.വിശ്വനാഥനെ കാണാതായ അന്നുതന്നെ കേസ് നൽകാൻ ഭാര്യ ബിന്ദുവും അമ്മ ലീലയും പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ പോലീസ് കേസ് എടുത്തില്ല. പിറ്റേന്ന് വിശ്വനാഥന്റെ സഹോദരൻ വിനോദ് കേസ് നൽകാൻ ചെന്നപ്പോൾ മദ്യപിച്ചു എന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയാണ് പോലീസ് ചെയ്തത്. മെഡിക്കൽ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് പിന്നീട് പോലീസ് കേസ് എടുത്തത്. പോലീസിന്റെ ഭാഗത്തുണ്ടായ വീഴ്ച്ചകൾ പരിശോധിക്കണമെന്നും സജീവന്‍ ആവശ്യപ്പെട്ടു
ആദിവാസി യുവാവിന്‍റെ മരണത്തിനുത്തരവാദികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് ബിജെപി നടത്തിയ പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവൂരിൽ നിന്നും ആരംഭിച്ച മാർച്ച് പോലീസ് സ്റ്റേഷനു മുന്നിൽ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.നോർത്ത് മണ്ഡലം പ്രസിഡൻ്റ് സബിതാ പ്രഹ്ലാദൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.മോഹനൻ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ സരിതാ പറയേരി, സതീഷ് പാറന്നൂര്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി.രജിത്കുമാർ, കെ.ജിതിൻ, എന്നിവർ സംസാരിച്ചു.സരൂപ് ശിവൻ, വൈഷ്ണവേഷ്, ശോഭാ സുരേന്ദ്രൻ, ലീന അനിൽ, പ്രഭാദിനേഷ് എന്നിവർ നേതൃത്വം നൽകി