GeneralLocal News

അമ്മയും ഗർഭസ്ഥശിശുവും മരിച്ച സംഭവം: മലബാർ മെഡിക്കൽ കോളേജിലേക്ക് ബഹുജന പ്രക്ഷോഭം


കോഴിക്കോട്:അമ്മയും ഗർഭസ്ഥശിശുവും മരിച്ച സംഭവത്തിൽ മലബാർ മെഡിക്കൽ കോളേജിലേക്ക് ബഹുജന പ്രക്ഷോഭം നടത്തുന്നു. അശ്വതിയുടെയും, കുഞ്ഞിന്റെയും മരണത്തിന് കാരണക്കാരായ മലബാർ മെഡിക്കൽ കോളേജ് (MMC) മൊടക്കല്ലൂർ, ഉള്ളിയേരി, കോഴിക്കോട് മാനേജ്മെന്റിനും, ഡോക്ടർമാർക്കും എതിരെ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 23 തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് പ്രക്ഷോഭം നടത്തുക. നേരത്തെ തന്നെ ആശുപത്രിക്കെതിരെ ചികിത്സാ പിഴവെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്. ഗർഭസ്ഥ ശിശുവിന് പിന്നാലെയാണ് അമ്മയും മരണപ്പെട്ടത്. എകരൂൽ ഉണ്ണികുളം സ്വദേശിയായ അശ്വതിയും ​ഗർഭസ്ഥ ശിശുവുമാണ് മരണപ്പെട്ടത്. ഇതിന് പിന്നാലെയാണ് ചികിത്സാപിഴവ് എന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയത്.

ആശുപത്രിക്കെതിരെ കുടുംബം അത്തോളി പോലീസിന് നൽകിയ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ആശുപത്രി അധികൃതരുടെ ഭാ​ഗത്ത് നിന്നുണ്ടായ പിഴവാണ് അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇത് ചൂണ്ടിക്കാട്ടിയാണ് അവർ പോലീസിനെ സമീപിച്ചത്.

ഗുരുതരമായ ആരോപണമാണ് ആശുപത്രി അധികൃതർക്ക് എതിരെ യുവതിയുടെ കുടുംബം ഉന്നയിക്കുന്നത്. സെപ്റ്റംബർ ഏഴിനാണ് അശ്വതിയെ പ്രസവത്തിനായി ഉള്ള്യേരിയിലുള്ള മലബാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വേദന വരാത്തതിനെ തുടർന്ന് ചൊവ്വാഴ്‌ച മരുന്ന് വെച്ചിരുന്നു. എന്നാൽ സ്ഥിതി മാറാത്തതോടെ ബുധനാഴ്‌ചയും മരുന്ന് വയ്ക്കുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.

ഇതിന് ശേഷം ബുധനാഴ്ച്ച ഉച്ചയോടെ യുവതിക്ക് പ്രസവ വേദന വരികയായിരുന്നു. സാധാരണ സുഖ പ്രസവം തന്നെ നടക്കുമെന്നായിരുന്നു ഈ സമയം ആശുപത്രി അധികൃതർ അറിയിച്ചത്. എന്നാൽ രാത്രിയായിട്ടും വേദന സഹിക്കാൻ വയ്യാതായതോടെ യുവതി സിസേറിയൻ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഡോക്‌ടറും ആശുപത്രി അധികൃതരും അതിന് കൂട്ടാക്കിയില്ല. ഗർഭപാത്രം തകർന്ന് അശ്വതിയുടെ കുഞ്ഞ് മരണപ്പെട്ടു എന്നായിരുന്നു ആശുപത്രി അധികൃതർ അറിയിച്ചത്. ഗർഭപാത്രം ഉടൻ നീക്കം ചെയ്യണമെന്നും ഇല്ലെങ്കിൽ യുവതിയുടെ ജീവൻ അപകടത്തിലാകുമെന്നും ഇവർ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു.

തുടർന്ന് കുടുംബത്തിന്റെ സമ്മതത്തോടെ ഗർഭപാത്രം നീക്കം ചെയ്യാമെന്ന് അധികൃതർ പറയുകയായിരുന്നു. പിന്നീട് അശ്വതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായതോടെ യുവതിയെ വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വന്നിരുന്നു. മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് യുവതിയെ മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇതോടെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ വലിയ പ്രതിഷേധമാണ് ബന്ധുക്കൾ ഉയർത്തിയത്. ആശുപത്രിക്കെതിരെയും മാനേജ്മെന്റിനെതിരെയും,ഡോക്ടർമാർക്കെതിരെയുമാണ് ഇരുപത്തിമൂന്നാം തീയതി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന പ്രക്ഷോഭം നടക്കുകയെന്ന് കമ്മിറ്റി ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.ആക്ഷൻ കമ്മിറ്റിയുടെ പ്രധാന ആവശ്യം ഡിഎംഒയുടെ റാങ്കിൽ കുറയാത്ത ആളെ വെച്ച് അന്വേഷണം നടത്തണം എന്നതാണ്. ഡിവൈഎസ്പിയുമായി നടത്തിയ ചർച്ചയിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ച് അന്വേഷണം നടത്താം എന്ന് ഡിവൈഎസ്പി ആക്ഷൻ കമ്മിറ്റിക്ക് ഉറപ്പു നൽകിയിരുന്നു എന്നും പത്രസമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ പറഞ്ഞു.

ആക്ഷൻ കമ്മിറ്റി ചെയർമാൻ
ഉണ്ണികുളം പഞ്ചായത്ത്‌ പ്രസിഡന്റ്
ഇന്ദിര ഏറാടിയിൽ,
കൺവീനർ
വൈസ് പ്രസിഡന്റ് നിജിൽ രാജ്
അശ്വതിയുടെ ഭർത്താവ് വിവേക്
ആരോഗ്യ /വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ബിച്ചു
ബിജെപി മണ്ഡലം പ്രസിഡന്റ് ബബീഷ് ഇ പി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അതേസമയം ബിജെപി സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് വി കെ സജീവൻ ഇന്ന് അശ്വതിയുടെ കുടുംബത്തെ കണ്ട് ദുഃഖം രേഖപ്പെടുത്തി.


Reporter
the authorReporter

Leave a Reply