കോഴിക്കോട്: .ബേപ്പൂരില്‍ ജലവിസ്മയം തീര്‍ത്ത് വാട്ടര്‍ ഫെസ്റ്റിന് തിരശീല വീണു. നാലുനാള്‍ ചാലിയാറിന്റെ ഓളപ്പരപ്പില്‍ അലയടിച്ച സാഹസിക കായിക മാമാങ്കം കോഴിക്കോടിന്റെ ഉത്സവമായി. കരുത്തും ആവേശവുമായി നടന്ന നിരവധി മത്സരങ്ങള്‍ കായികപ്രേമികള്‍ക്ക് കണ്ണഞ്ചിപ്പിക്കുന്ന നവ്യാനുഭവമാണ് സമ്മാനിച്ചത്. ഡിങ്കി ബോട്ട് റേസ്, നെറ്റ് ഫിഷിങ്, ട്രഷര്‍ ഹണ്ട്, റോഡ് ഫിഷിങ്, സിറ്റ് ഓണ്‍ ടോപ്പ് കയാക്ക് സിംഗിള്‍ ആന്‍ഡ് ഡബിള്‍, സ്റ്റാന്‍ഡ് അപ് പാഡലിങ്,വൈറ്റ് വാട്ടര്‍ കയാക്ക്, സി കയാക്ക്, ബാംബു റാഫ്റ്റിങ്, സെയിലിങ് റെഗട്ട ഒപ്റ്റിമിസ്റ്റ് ക്ലാസ് ആന്‍ഡ് ടോപ്പര്‍ ക്ലാസ്, കണ്‍ട്രി ബോട്ട് തുടങ്ങി നിരവധി മത്സങ്ങള്‍ക്ക് ബേപ്പൂര്‍ സാക്ഷിയായി.
ഇന്നലെ നടന്ന കണ്‍ട്രി ബോട്ട് റേസ് മത്സരത്തില്‍ 10 ടീമുകള്‍ പങ്കെടുത്തു. എല്ലാ ടീമും പ്രാദേശിക ക്ലബ്ബുകളില്‍ നിന്നുള്ളവരായിരുന്നു. ഒപ്പം കോസ്റ്റ് ഗാര്‍ഡ് പോലീസിന്റെ പങ്കാളിത്തം മത്സരത്തെ കൂടുതല്‍ ആവേശമാക്കി. ചാലിയാറില്‍ 400 മീറ്റര്‍ ദൂരപരിധിയിലാണ് മത്സരം നടന്നത്. ഒരു ടീമില്‍ പരമാവധി 13 പേരായിരുന്നു. 9 തുഴക്കാര്‍, 3 സ്‌പെയര്‍, പരിശീലകന്‍ എന്നിവര്‍ ഉള്‍പ്പെടും. ഇഞ്ചോടിഞ്ചു കൊമ്പുകോര്‍ത്ത ഫൈനല്‍ മത്സരത്തില്‍ റോവേഴ്‌സ് കീഴുപറമ്പ് ഒന്നാം സ്ഥാനവും വണ്‍ ഡയറക്ഷന്‍ കീഴുപറമ്പ് രണ്ടാം സ്ഥാനവും കേരള കോസ്റ്റല്‍ പോലീസ് ടീം മൂന്നാം സ്ഥാനവും നേടി. കോസ്റ്റ് ഗാര്‍ഡ്, അഗ്‌നി രക്ഷാ സേന, പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ സജീവ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ മത്സരത്തിലുടനീളമുണ്ടായിരുന്നു.
ബാംബൂ റാഫ്റ്റിങ് മത്സരത്തില്‍ നാലു ടീമുകളാണ് ഇറങ്ങിയത്. ഒരു ടീമില്‍ 6 പേരാണ് ഉണ്ടായിരുന്നത്. ടീമംഗങ്ങള്‍ തങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന 15 മുളകളും നാല് ടയറുകളും കയറുകളുമുപയോഗിച്ച് ചങ്ങാടം നിര്‍മിച്ച ശേഷം ചാലിയാറില്‍ നിന്നും മറീനയിലേക്ക് ആദ്യം തുഴഞ്ഞെത്തുക എന്നതാണ് മത്സരം. 100 മീറ്റര്‍ ട്രാക്കിലായിരുന്നു മത്സരം. 4 പേരാണ് ചങ്ങാടത്തില്‍ തുഴഞ്ഞത്. ചാലിയാറില്‍ നിന്നും ആരംഭിച്ച മത്സരം കടലിലെ നിശ്ചിത പോയിന്റിനെ കടന്ന് ബേപ്പൂര്‍ മറീനയില്‍ അവസാനിച്ചു. ചങ്ങാടം നിര്‍മിക്കുന്നതിന്റെ വേഗം മത്സരത്തിന്റെ വിജയത്തെ സ്വാധീനിച്ചു.
മത്സരത്തില്‍ അബൂബക്കര്‍ ക്യാപ്റ്റനായ നവോദയ ആക്കോട് ടീം വിജയികളായി. രാജന്‍, അഷ്‌റഫ്, ഷഫീഖ്, ഷാഹിദ്, ലത്തീഫ് എന്നിവര്‍ ടീമംഗങ്ങളാണ്. കോട്ടക്കല്‍ ഇംപയര്‍ ടെക് ടീമാണ് രണ്ടാം സ്ഥാനം നേടിയത്. ഷൈബിന്‍ (ക്യാപ്റ്റന്‍), സഫ്‌വാന്‍, പൊക്കല്‍ കാമയ്യ, സുധാകര്‍ ജന, നന്ദന, ഹിബ എന്നിവരാണ് ടീമംഗങ്ങള്‍. മൂന്നാം സ്ഥാനം ടീം കോട്ടക്കലാണ് നേടിയത്. ക്യാപ്റ്റന്‍ സല്‍മാന്‍ ഫാരിസ്, ഷാമില്‍, ജുനൈദ്, റാഷിദ്, ആതിര, സ്വാലിഹത്ത് എന്നിവരാണ് ടീമംഗങ്ങള്‍.
ആലപ്പുഴയിലെ ഡോള്‍ഫിന്‍ ക്ലബില്‍ നിന്നുള്ള 20 കുട്ടികളാണ് കനോയിങ് റെയ്‌സ് പ്രദര്‍ശനത്തില്‍ പങ്കെടുത്തത്. വളരെ വീതി കുറഞ്ഞ ഇടുങ്ങിയ ബോട്ടിലാണ് ഇനം നടന്നത്. പ്രദര്‍ശനം നടത്തിയ എല്ലാ കുട്ടികളും 15 വയസിന് താഴെയുള്ളവരാണ്.
വാട്ടര്‍ ഫെസ്റ്റിന്റെ അവസാന ദിവസവും സെയിലിംഗ് റഗാട്ട മത്സരങ്ങള്‍ നടന്നു. ടോപ്പര്‍ ക്ലാസ്സ്, ഒപ്ടിമിസ്റ്റ് ക്ലാസ്സ് ബിഗ് ബോട്ട് അഥവാ സീ ബോട്ട് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. രണ്ടു വിഭാഗങ്ങളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ നടന്നു. 13 പേർ അണിനിരന്ന മത്സരത്തില്‍ 6 പേര്‍ പ്രാദേശിക വിദ്യാര്‍ത്ഥികളും 7 പേര്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമായിരുന്നു. മണിക്കൂറുകള്‍ നീണ്ടുനിന്ന മത്സരത്തിനൊടുവില്‍ ഒപ്ടിമിസ്റ്റ് വിഭാഗത്തില്‍ ആണ്‍കുട്ടികളില്‍ ജെഹാന്‍ ഹാന്‍സോതിയ ഒന്നാം സ്ഥാനവും ആര്യന്‍ രണ്ടാം സ്ഥാനവും നേടി. പെണ്‍കുട്ടികളില്‍ അരുന്ധതി ഒന്നാം സ്ഥാനം നേടി.