കോഴിക്കോട്: വിജയാഹ്ലാദത്തിന്റെ മറവിൽ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്നും ഇതിന് മുസ്ലീം ലീഗ് നേതൃത്വം മറുപടി പറയണമെന്നും ഇടതുപക്ഷത്തിന്റെ ഭാഗമായ ഐ എൻ എൽ. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കാനെന്ന പേരിൽ തെരുവിൽ യുവതി യുവാക്കളെ അഴിഞ്ഞാടാൻ അഴിച്ചു വിട്ട മുസ്ലിം ലീഗ് നേതൃത്വം ഇത്തരം ചെയ്തികളെ അംഗീകരിക്കുന്നുണ്ടോ എന്ന സമൂഹത്തിന്റെ ചോദ്യത്തിന് മറുപടി പറയേണ്ടതുണ്ടെന്ന് ഐ എൻ എൽ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.
വിജയാഹ്ലാദം എല്ലാ പരിധിയും ലംഘിച്ച് തെരുവിൽ പാട്ടും കൂത്തുമായി സമൂഹത്തിന്റെ സ്വസ്ഥത കെടുത്തുമ്പോൾ പാണക്കാട്ടെ ആത്മീയ നേതൃത്വം പോലും അതംഗീകരിച്ച് കയ്യടിക്കുന്നത് സദാചാര ബോധമുള്ളവരെ ഞെട്ടിക്കുന്ന കാഴ്ചക്കാണ് ദിവസങ്ങളായി കേരളം സാക്ഷിയാവുന്നത്. പള്ളികൾക്ക് മുന്നിൽ പോലും എല്ലാം മറന്ന പേക്കൂത്തുകളാണ് അരങ്ങേറുന്നത്. രാപ്പകൽ വ്യത്യാസമില്ലാതെ യുവതീ യുവാക്കൾ ഇടകലർന്നും കൈകോർത്തും നൃത്തം ചവിട്ടിയും പാർട്ടിയുടെ ‘ഇസ്സത് ‘ ഉയർത്തുന്നത് കണ്ട് ഉത്തരവാദപ്പെട്ട ഒരു നേതാവിനും അതിൽ അനൗചിത്യം തോന്നിട്ടില്ലെങ്കിൽ സമുദായ പാർട്ടിയുടെ ധാർമ്മിക ച്യുതിയാണ് അത് തൊട്ടുകാണിക്കുന്നത്.
ഈ വിഷയത്തിൽ പാർട്ടി സെക്രട്ടറിമാരിൽ ഒരാളായ ഷാഫി ചാലിയത്തിന്റെ പരിവേദനം വനരോദനമായി മാറിയ മട്ടാണ്. മുമ്പ് ജാഥയിൽ സ്ത്രീകൾ സാരിയുടുത്ത് പങ്കെടുത്ത പേരിലാണ് സമസ്തയുടെ നിർദ്ദേശ പ്രകാരം എം ഇ എസുമായുള്ള എല്ലാ ബന്ധവും മുസ്ലിം ലീഗ് വിച്ഛേദിച്ചത്. തദ്ദേശ സ്ഥാപനങ്ങളിൽ അമ്പത് ശതമാനം സ്ത്രീ സംവരണം ഏർപ്പെടുത്തിയപ്പോൾ അത് രാഷ്ട്രീയ അനിവാര്യതയാണെന്ന് മനസിലാക്കി മുസ്ലിം സ്ത്രീകളെ അതിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയേണ്ടതില്ലെന്ന പണ്ഡിതമാരുടെ വിശാല വീക്ഷണത്തെ കൊഞ്ഞനംകുത്തുന്നതായി ലീഗ് നേതൃത്വം ഈ വിഷയത്തിൽ ഇപ്പോൾ തുടരുന്ന ലാഘവ ബുദ്ധി.
മാന്യതയും സദാചാരനിഷ്ഠയും മുറുകെപിടിക്കുന്ന കുടുംബത്തിലെ ഒരു പെൺകുട്ടിയെയും രാഷ്ട്രീയ രംഗത്തേക്ക് പറഞ്ഞയക്കാൻ മടിക്കുന്ന തരത്തിലേക്ക് മുസ്ലിം ലീഗ് എല്ലാ വഷളാക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഉത്തവാദിത്വ ബോധമുള്ള രക്ഷകർത്താക്കൾ ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ടെന്നും ലീഗിനെ ഈ വിഷയത്തിൽ തിരുത്തേണ്ടതുണ്ടെന്നും ഐ എൻ എൽ സംസഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മുസ്ലിം ലീഗിന്റെ തിരഞ്ഞെടുപ്പ് ആഘോഷങ്ങളിൽ സ്ത്രീ-പുരുഷൻമാർ ഇടകലരുന്നതിനെതിരെ സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയവും സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായിയും രംഗത്ത് വന്നിരുന്നു. ഇതേ വാദഗതികൾ ഉയർത്തിയാണ് ഇടതുപക്ഷത്തിന്റെ ഭാഗമായ ഐ എൻ എല്ലും ഇപ്പോൾ രംഗത്തെത്തിയിട്ടുള്ളത്.










