കണ്ണൂര്‍: ക്രിപ്റ്റോ കറന്‍സിയായ മോറിസ് കോയിന്‍ വാഗ്ദാനം ചെയ്ത് നൂറ് കോടിയുടെ തട്ടിപ്പ് നടത്തിയ നാല് യുവാക്കള്‍ അറസ്റ്റിലായി. കണ്ണൂരിലാണ് സംഭവം. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോങ് റിച്ച് കമ്പനിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് നാല്‍വര്‍ സംഘം അറസ്റ്റിലായത്. യുവാക്കള്‍ ഇതുവരെ ആയിരത്തിലധികം പേരെ കബളിപ്പിച്ചതായി പോലീസ് അറിയിച്ചു. മലപ്പുറത്തും കാസര്‍കോടുമാണ് ഏറ്റവും കൂടുതല്‍ പേര്‍തട്ടിപ്പിന് ഇരയായത്.
കോഴിക്കോട് സ്വദേശികളായ മുഹമ്മദ് റിയാസ്, വസീം മുനവറലി, മലപ്പുറം സ്വദേശിയായ ഷെഫീഖ് സി, മുഹമ്മദ് ഷെഫീഖ് എന്നിവരാണ് അറസ്റ്റിലായത്. മോറിസ് കോയിന്‍ തരാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. മണി ചെയിന്‍ മോഡലിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലയിലുള്ള ആളുകളുടെ പണം യുവാക്കള്‍ ഇത്തരത്തില്‍ തട്ടിയെടുത്തു.
സംഭവത്തില്‍ ഇതുവരെ അറസ്റ്റ് ചെയ്ത പ്രതികളിലൂടെ മാത്രം ആളുകള്‍ നിക്ഷേപിച്ചത് നൂറ് കോടിയിലധികം രൂപയാണ്. ഒരാള്‍ക്ക് ഒരുലക്ഷത്തിലേറെ രൂപ വെച്ച് ആയിരത്തിലേറെ പേരുടെ പണം നഷ്ടമായിട്ടുണ്ട്.