കോഴിക്കോട്:മാലിന്യം വിറ്റ് പണമുണ്ടാക്കുന്ന ലോകത്തിലെ ഏക പാർട്ടി സി.പി.എമ്മാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. മാലിന്യത്തെക്കാൾ അധപതിച്ചു പോയ മാലിന്യമായി സി.പി.എം മാറിയെന്നും അദ്ധേഹം പറഞ്ഞു.
ബ്രഹ്മപുരം ഞെളിയൻ പറമ്പിൽ ആവർത്തിക്കുമോ എന്ന മുദ്രാവാക്യമുയർത്തി ബി.ജെ.പി ഞെളിയൻ പറമ്പ് ഉൾപ്പെടുന്ന കോർപ്പറേഷൻ ചെറുവണ്ണൂർ മേഖല കാര്യാലയത്തിനു മുന്നിൽ നടത്തിയ രാപ്പകൽ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
സി.പി.എം ഭരിക്കുന്ന കോർപ്പറേഷനു കളിൽ മാലിന്യ സംസ്ക്കരണത്തിന് വിവാദ കമ്പനിയായ സോണ്ട ഇൻഫോടെക്കിനെ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഏൽപ്പിച്ചത് മുഖ്യമന്ത്രിക്കു വേണ്ടിയാണെന്നും കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് മാലിന്യ സംസ്കരണത്തിൻ്റെ പേരിൽ കേരളത്തിൽ നടക്കുന്നതെന്നും അദ്ധേഹം പറഞ്ഞു.
ബി.ജെ.പി ബേപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി ഷിംജീഷ് പാറപ്പുറം, മണ്ഡലം വൈസ് പ്രസിഡണ്ട് സി.സാബുലാൽ എന്നിവരാണ് നിരാഹാരമിരുന്നത്.
ജില്ലാ പ്രസിഡണ്ട് അഡ്വ.വി.കെ സജീവൻ, മണ്ഡലം പ്രസിഡണ്ട് ഷിനു പിണ്ണാണത്ത്, മഹിള മോർച്ച ജില്ലാ പ്രസിഡണ്ട് അഡ്വ. രമ്യ മുരളി എന്നിവർ സംസാരിച്ചു.