കോഴിക്കോട്: പൗരത്വ നിയമം രാജ്യത്തെ ഒരു പൗരനും എതിരല്ലെന്നിരിക്കെ നിയമത്തെ സംബന്ധിച്ച് വേണ്ടത്ര ബോധ്യമില്ലാത്ത മുസ്ലീം സമൂഹത്തില്‍ ഭീതിജനിപ്പിച്ച് ഭൂരിപക്ഷ സമൂഹവുമായി കലാപത്തിന് സിപിഎം കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുകയാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എംടി രമേശ്. ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ഹീനമായ ശ്രമത്തില്‍ നിന്നും ഈ നേതാക്കള്‍ പിന്‍മാറണം. അതുണ്ടാക്കുന്ന അസ്വാസ്ഥ്യങ്ങള്‍ക്ക് ഉത്തരവാദികള്‍ അവര്‍ മാത്രമായിരിക്കുമെന്നും എംടി പറഞ്ഞു. പരത്വഭേദഗതി നിയമം ഈ രാജ്യത്ത് ജീവിക്കുന്ന ഒരു പൗരനും ബാധകമല്ലാതിരിക്കെ മുസ്ലീം വിരുദ്ധമാക്കുന്ന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറുപടി പറയണം. ഇന്ത്യയില്‍ പൗരത്വം ലഭിക്കാന്‍ മതം ബാധകമല്ലെന്നിരിക്കെയാണ് മുസ്ലീങ്ങള്‍ക്കെതിരാണെന്ന ഇവരുടെ പ്രചാരണം.
പാക്കിസ്താനിലും ബംഗ്ലദേശിലും മത വിവേചനമനുഭവിക്കുന്ന ഹിന്ദു, സിഖ്, പാര്‍സി, ക്രിസ്ത്യന്‍, ബുദ്ധ,ജൈന മത വിഭാഗങ്ങള്‍ക്ക് പൗരത്വം കൊടുക്കുന്ന നിയമത്തോട് മനുഷ്യത്വ വിരുദ്ധ സമീപനമാണ് വി.ഡി സതീശനും മുഖ്യമന്ത്രി പിണറായി വിജയനും കാണിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്ന് സാമ്പത്തിക കാരണമല്ലാതെയെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കണമെന്ന് നേരത്തെ ആവശ്യപ്പെട്ടത് സിപിഎമ്മും കോണ്‍ഗ്രസുമാണ്. ഈ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ പാക്കിസ്താനിലും ബംഗ്ലദേശിലും മതവിവേചനം അനുഭവിക്കുന്നുവെന്ന് കണ്ടെത്തിയത് ബിജെപിയല്ല, ഐക്യരാഷ്ട്രസഭയാണ്. അംഗരാജ്യങ്ങള്‍ ഇവര്‍ക്ക് നിയമ പരിരക്ഷ നല്‍കണമെന്നും യുഎന്‍ പ്രമേയത്തില്‍ പറയുന്നു. അംഗരാജ്യമെന്ന നിലയിലാണ് ഭാരതം സംരക്ഷണം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
1948 ലെ നെഹ്‌റു-ലിയാക്കത്ത് പാക്ടിന്റെ ഭാഗമായി അറുപതു കൊല്ലക്കാലം നടപ്പാക്കാതെ പോയ നിയമത്തിന് സാധൂകരണം കൊടുക്കാനാണ് മോദി സര്‍ക്കാര്‍ തയ്യാറായത്. പാക്കിസ്താനില്‍ മതവിവേചനമനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ ഭാരതത്തിലേക്ക് അഭയാര്‍ത്ഥികളായി വന്നാല്‍ അവര്‍ക്ക് പൗരത്വം നല്‍കണമെന്ന കരാറാണ് ഇത്.
മതവിവേചനത്തിന്റെ പേരില്‍ ഇന്ത്യയില്‍ നിന്നു പാക്കിസ്താനിലേക്കു് അഭയാര്‍ത്ഥികളായി പോകുന്നവര്‍ക്ക് അവരും പൗരത്വം നല്‍കണമെന്നാണ് പാക്ട്. കേരളത്തിലെയും ഇന്ത്യയിലെയും കോണ്‍ഗ്രസ് നേതാക്കള്‍ നെഹ്‌റുവിനെ തള്ളിപ്പറയുകയാണോയെന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷ നേതാവായിരുന്ന മന്‍മോഹന്‍ സിങ്ങ് പൗരത്വനിയമ ഭേദഗതി വേണമെന്ന് പ്രധാനമന്ത്രി വാജിപേയ്ക്കയച്ച കത്തില്‍ പറയുന്നു. സിപിഎം ദേശീയ സെക്രട്ടറിയായിരുന്ന പ്രകാശ്കാരാട്ട് 2005ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍ മോഹന്‍ സിങ്ങിന് പൗരത്വഭേദഗതി ആവശ്യപ്പെട്ട് കത്തയച്ചു.
കോഴിക്കോട് കടപ്പുറത്തു നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രമേയവും പൗരത്വഭേദഗതി ആവശ്യപ്പെട്ടു. ഇത്രയും ഈ രണ്ടുപാര്‍ട്ടികളും ഉന്നയിച്ചതിനു ശേഷമാണ് മോദി സര്‍ക്കാര്‍ നിയമം നടപ്പാക്കുന്നത്. ഇക്കാര്യങ്ങളെല്ലാം രേഖകളായി ഉണ്ടായിരിക്കെയാണ് മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന വ്യാജപ്രചാരണം ഈ നേതാക്കള്‍ ഉന്നയിക്കുന്നത്. മുസ്‌ലീംലീഗ് ഭരണഘടനാവിരുദ്ധമാണെന്ന് പറഞ്ഞ് സ്‌റ്റേ ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി സ്‌റ്റേ അനുവദിച്ചില്ല. രാജ്യത്തുടനീളം ചര്‍ച്ച ചെയ്തു നടപ്പാക്കിയ നിയമത്തിനെതിരെ സിപിഎം കോണ്‍ഗ്രസ് നേതാക്കള്‍ മുസ്ലീം സമൂഹത്തെ ഇളക്കിവിടുമ്പോള്‍ ഹിന്ദു-ക്രൈസ്തവ സമുദായത്തോട് മനുഷ്യത്വവിരുദ്ധമായ നിലപാടാണ് മുഖ്യമന്ത്രിയും വിഡി സതീശനും സ്വീകരിക്കുന്നത്.
ഈ നിയമം മുസ്ലീംവിരുദ്ധമാണെന്ന് നിയമത്തില്‍ എവിടെയെങ്കിലും മുഖ്യമന്ത്രിക്കോ, പ്രതിപക്ഷനേതാവിനോ കാണിച്ചുതരാനാവുമോയെന്നും രാത്രിയുടെ മറവില്‍ പ്രതിഷേധ മാര്‍ച്ചു നടത്തുന്ന നേതാക്കള്‍ പകല്‍ വെളിച്ചത്തില്‍ സംവാദത്തിന് തയ്യാറുണ്ടോയെന്നും എംടി രമേശ് ചോദിച്ചു.