കോഴിക്കോട്: എരഞ്ഞിപ്പാലത്തെ മാറാട് കേസുകൾ കൈകാര്യം ചെയ്യുന്നതിനായി സ്ഥാപിച്ച അഡീഷനൽ സെഷൻസ് കോടതിയും മജിസ്ട്രേറ്റ് കോടതിയും അടങ്ങുന്ന സമുച്ചയം ഗാന്ധിജയന്തി ദിവസം മുതൽ സമ്പൂർണ ഹരിത പെരുമാറ്റ ചട്ടത്തിലേക്ക് മാറി. പുനരുപയോഗയോഗ്യമല്ലാത്ത പ്ലാസ്റ്റിക്കിന്റെയും പേപ്പറിന്റെയും മറ്റു വസ്തുക്കളുടെയും ബാഗുകളും പാത്രങ്ങളും കപ്പുകളും സ്പൂണുകളും ദൈനംദിനമായ ആവശ്യങ്ങൾക്കോ പ്രത്യേക പരിപാടികളിലോ അവസരങ്ങളിലോ കോടതിസമുച്ചയത്തിൽ ഉപയോഗിക്കുന്നത് വിലക്കി.
കോടതി സമുച്ചയത്തിൽനടന്ന പരിപാടിയിൽ മാറാട് കേസുകൾക്കായുള്ള അഡീഷനൽ ജില്ല കോടതി ജഡ്ജ്സി. സുരേഷ് കുമാർ കോടതി സമുച്ചയത്തിൽ സമ്പൂർണ ഹരിത പെരുമാറ്റ ചട്ടം നിർബന്ധമാക്കിയതായി പ്രഖ്യാപിച്ചു. മാറാട് സ്പെഷൽ മജിസ്ട്രേറ്റിന്റെ ചാർജുള്ള വിഷ്ണുദത്തൻ ടി.എസ്. അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം.ജി. അശോകൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വക്കറ്റ് ക്ലാർക്സ് അസോസിയേഷൻ പ്രസിഡന്റ് അനിൽകുമാർ. എ, സീനിയർ ക്ലർക്ക് ബിനേഷ്.എൻ.വി എന്നിവർ സംസാരിച്ചു. ശിരസ്തദാർ ധനേഷ് എം.സി സ്വാഗതവും സ്പെഷൽ ഗ്രേഡ് കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് സി.കെ ജയശ്രീ നന്ദിയും പറഞ്ഞു.