Thursday, January 23, 2025
GeneralLatest

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം; പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് അന്തരിച്ചു


ബെംഗളൂരു: സംയുക്ത കരസേനാ മേധാവി ബിപിൻ റാവത്ത് അടക്കമുള്ള 13 സൈനിക ഓഫീസർമാർ കൊല്ലപ്പെട്ട കുനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് ജീവനോടെ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് അന്തരിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് അന്ത്യം. ബാംഗ്ലൂരിലെ വ്യോമസേനയുടെ കമാന്‍ഡ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു വരുണ്‍ സിംഗ്. 39 വയസായിരുന്നു. ഉത്തർ പ്രദേശ് കൻഹോലി സ്വദേശിയാണ് വരുൺ സിംഗ്.

അപകടത്തില്‍ വരുൺ സിംഗിന് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. വില്ലിങ്ടൺ ആശുപത്രിയിൽ നിന്ന് എയർ ആംബുലൻസിൽ വ്യാഴാഴ്ചയാണ് ബംഗളൂരുവിലെ വ്യോമസേനയുടെ കമാൻഡ് ആശുപത്രിയിൽ ഗ്രൂപ്പ് ക്യാപ്റ്റനെ എത്തിച്ചത്. അദ്ദേഹത്തിന് ചർമ്മം വെച്ചുപിടിപ്പിക്കാനുള്ള ചികിത്സ ആരംഭിച്ചതായും വാർത്തകളുണ്ടായിരുന്നു. ഇതിനായുള്ള ചർമ്മം ബാംഗ്ലൂർ മെഡിക്കൽ കോളജ് ആൻഡ്​ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ചർമ ബാങ്ക് കമാൻഡ്​ ആശുപത്രിക്ക് കൈമാറിയിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് കൂനൂരിൽ ഹെലികോപ്റ്റര്‍ തകർന്ന് അപകടമുണ്ടായത്. സംയുക്​ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വെല്ലിങ്ടണ്‍ യാത്രക്കിടെയായിരുന്നു രാജ്യത്തെ ഞെട്ടിച്ച അപകടം. കഴിഞ്ഞവര്‍ഷം വരുണ്‍ സിംഗ് ഓടിച്ചിരുന്ന എയര്‍ക്രാഫ്റ്റ് അപകടത്തില്‍പ്പെട്ടിരുന്നു. എന്നാല്‍ പൈലറ്റ് എന്ന രീതിയില്‍ നേടിയ വൈദഗ്ധ്യമാണ് വരുണ്‍ സിംഗിന്റെ ജീവന്‍ രക്ഷിച്ചത്. സ്വാതന്ത്രദിനത്തില്‍ ശൗര്യചക്ര നല്‍കിയാണ് വരുണ്‍ സിംഗിന്റെ ധീരതയേയും കഴിവിനെയും രാജ്യം ആദരിച്ചത്. റിട്ട കേണല്‍ കെ പി സിംഗാണ് വരുണ്‍ സിംഗിന്റെ പിതാവ്. സഹോദരന്‍ തനൂജ് നേവി ഉദ്യോഗസ്ഥനാണ്.


Reporter
the authorReporter

Leave a Reply