Latest

ഗോവ വിമോചന സമരത്തിന് കോണ്‍ഗ്രസ് എതിരായിരുന്നു: ഗവര്‍ണര്‍

Nano News

കോഴിക്കോട്: സ്വാതന്ത്ര്യം ലഭിച്ച ശേഷവും ഗോവയില്‍ പോര്‍ച്ചുഗീസ് ഭരണം തുടരുന്നതിനെതിരെ അമ്പതുകളില്‍ നടന്ന വിമോചന സമരത്തിന് കോണ്‍ഗ്രസ് എതിരായിരുന്നുവെന്നും ആരും ആ സമരത്തില്‍ പങ്കെടുക്കരുതെന്ന് ആഹ്വാനം ചെയ്തു കൊണ്ട് എഐസിസി പ്രമേയം പാസ്സാക്കിയിരുന്നുവെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ഗോവ വിമോചന സമരത്തിന്റെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഗോവ വിമോചനസമര അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തില്‍ സമരസേനാനികളുടെ കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ഗോവയ്ക്ക് സ്വാതന്ത്ര്യം നല്‍കിയാല്‍ ഗോവന്‍ ജനത പരസ്പരം സംഘര്‍ഷത്തിലേര്‍പ്പെടുമെന്ന് സൂചിപ്പിച്ചുകൊണ്ട് എഐസിസി പ്രമേയം പാസാക്കി. ദീന്‍ദയാല്‍ ഉപാധ്യയ, ഗോവ സ്വതന്ത്രമല്ലെങ്കില്‍ ഭാരതം സ്വതന്ത്രമല്ല എന്ന് പ്രഖ്യാപിച്ച് ഗോവ മുക്തി സമിതി രൂപീകരിച്ചു. ജനസംഘം നേതാവായ ജഗന്നാഥ റാവു ജോഷിയുടെ നേതൃത്വത്തില്‍ ശക്തമായ സമരങ്ങള്‍ നടന്നു. ഗോവയെ മോചിപ്പിക്കാന്‍ നടന്ന സമരത്തില്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ സത്യഗ്രഹ സമരഭടന്മാരായെത്തി. ചെറിയ പ്രദേശമാണെങ്കിലും സ്വതന്ത്രമാകണമെന്ന ആഗ്രഹം ഭാരതമാതാവ് എന്ന സങ്കല്‍പ്പത്തില്‍ നിന്ന് ഉണ്ടായതാണ്. ഭാരതം സമ്പൂര്‍ണ്ണമായി സ്വതന്ത്രമാകണമെന്ന ചിന്തയുടെ ഫലമായിരുന്നു അത്, അദ്ദേഹം പറഞ്ഞു.
ഗോവയിലെ നിശാക്ലബിലുണ്ടായ തീപ്പിടുത്തം ഇരുത്തി ചിന്തിപ്പിക്കേണ്ടതാണെന്നും നിശാക്ലബ് സംസ്‌കാരം വ്യാപകമാകുന്നതിനെ കുറിച്ച് സമൂഹം ജാഗ്രതപാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അധിനിവേശം സര്‍ക്കാറിന് മാത്രം തടയാന്‍ കഴിയുന്നതല്ല, സമൂഹത്തിന് കൂടി അതിനുത്തരവാദിത്വമുണ്ട്. അദ്ദേഹം പറഞ്ഞു.


ഗോവ വിമോചന സമരക്കാലത്ത് പ്രധാനമന്ത്രി നെഹ്‌റു വിദേശയാത്രയിലായിരുന്നപ്പോഴാണ് അദ്ദേഹത്തെ പോലും അറിയിക്കാതെ പ്രതിരോധമന്ത്രി വി.കെ. കൃഷ്ണമേനോനും പട്ടാളമേധാവികളും ചേര്‍ന്ന് ഗോവ പിടിച്ചെടുത്തതെന്ന് ഗോവ മുന്‍ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഭാരതം സ്വതന്ത്രമായതിന് ശേഷം പോര്‍ച്ചുഗീസ് കോളനിയായ ഗോവ സ്വതന്ത്രമാവാന്‍ എന്തുകൊണ്ട് 14 വര്‍ഷം വേണ്ടിവന്നു എന്ന ചോദ്യം നമ്മുടെ മുന്നിലുണ്ട്. ഗോവയെ അന്താരാഷ്ട്ര വിഷയമാക്കി, ആ കെണിയില്‍ വീണുപോയതാരാണ്? എന്തുകൊണ്ട് പതിനാല് വര്‍ഷം നഷ്ടപ്പെടുത്തി എന്നത് ചര്‍ച്ച ചെയ്യാന്‍ തയ്യാറാകണം, അദ്ദേഹം പറഞ്ഞു.
ഗോവ വിമോചന സമരത്തിന് മലബാര്‍ പ്രദേശത്ത് നിന്ന് പോയ സംഘത്തെ നയിച്ച എ.കെ. ശങ്കരമേനോന്റെ പത്‌നി ജാനകി ടീച്ചര്‍, സമരസേനാനികളായ ടി. സുകുമാരന്റെ പത്‌നി നാണിക്കുട്ടിഅമ്മ, ദാമോദരന്‍ നായരുടെ ഭാര്യ കല്ല്യാണിക്കുട്ടി അമ്മ, കെ.പി. സുകുമാരന്റെ ഭാര്യ കെ.ടി. ദേവകി, ടി. ഗോവിന്ദന്റെ മകന്‍ അരുണ്‍കുമാര്‍, കുട്ടിഗോപാലന്റെ സഹോദര പുത്രി പുഷ്പ എസ്.എന്‍ എന്നിവര്‍ ഗവര്‍ണറില്‍ നിന്ന് ആദരവ് ഏറ്റുവാങ്ങി.
ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ. കെ.പി. പ്രകാശ്ബാബു, ജന്മഭൂമി പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ മധുകര്‍ വി. ഗോറെ, ഗോവ വിമോചനസമര അനുസ്മരണ സമിതി ചെയര്‍മാന്‍ എ. ദേവദാസ്, ജനറല്‍ കണ്‍വീനര്‍ അനൂപ് കുന്നത്ത് എന്നിവര്‍ സംസാരിച്ചു. ഗവര്‍ണര്‍ക്ക് സമിതിയുടെ ഉപഹാരം ജന്മഭൂമി വികസനസമിതി ചെയര്‍മാന്‍ ടി.വി. ഉണ്ണികൃഷ്ണന്‍, നിയുക്ത ചാലപ്പുറം ഡിവിഷന്‍ കൗണ്‍സിലര്‍ കെ.പി. അനില്‍കുമാര്‍ എന്നിവര്‍ നല്‍കി. ചിത്രരചനാ മത്സരത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് ഗവര്‍ണര്‍ സമ്മാനം നല്‍കി.

ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി. നാരായണനെ കുറിച്ചുള്ള സംഘപഥത്തിലെ നാരായണം എന്ന ഗ്രന്ഥം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പി.എസ്. ശ്രീധരന്‍ പിള്ളക്ക് നല്‍കി പ്രകാശനം ചെയ്തു.

 

 


Reporter
the authorReporter

Leave a Reply