ദില്ലി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയൻ്റെ എക്‌സാലോജിക് കമ്പനിയുമായുള്ള മാസപ്പടിക്കേസിലെ എസ്എഫ്ഐഒ അന്വേഷണം ചട്ടവിരുദ്ധമെന്ന് സിഎംആര്‍എല്‍ ദില്ലി ഹൈക്കോടതിയിൽ. ആദായ നികുതി സെറ്റില്‍മെന്‍റ് കമ്മിഷന്‍ തീര്‍പ്പാക്കിയ കേസില്‍ രണ്ടാമതൊരു അന്വേഷണം പാടില്ല. കമ്മിഷന്‍ ചട്ടപ്രകാരം നടപടികള്‍ രഹസ്യസ്വഭാവത്തിലായിരിക്കണം, കേസുമായി ബന്ധമില്ലാത്ത മൂന്നാം കക്ഷിയായ ഷോൺ ജോർജിന് രഹസ്യ രേഖകൾ എങ്ങനെ കിട്ടിയെന്നും സിഎംആര്‍എല്‍ ചോദിച്ചു. ഷോണിന്‍റെ പരാതിയിലാണ് കമ്പനി രജിസ്ട്രാര്‍ അന്വേഷണം നടത്തുന്നത്. എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ സിഎംആര്‍എല്ലിന്‍റെ ഹര്‍ജിയില്‍ തിങ്കളാഴ്ച വാദം തുടരും.
മാസപ്പടി കേസിലെ എസ്എഫ്ഐഒ, ഇഡി അന്വേഷണത്തിനെതിരെയാണ് സിഎംആര്‍എല്‍ ദില്ലി ഹൈക്കോടതിയിൽ ഹര്‍ജി നല്‍കിയത്. മാസപ്പടി കേസിൽ സിഎംആര്‍എല്‍ കമ്പനിക്കെതിരായ എസ്എഫ്ഐഒ, ഇഡി അന്വേഷണങ്ങള്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മാസപ്പടി ഇടപാട് ആദായ നികുതി ഇന്ട്രിം സെറ്റിൽമെന്‍റ് ബോർഡ് തീർപ്പാക്കിയതാണെന്നും ഇനി മറ്റ് അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നുമാണ് സിഎംആർഎൽ ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.