Saturday, November 23, 2024
Local Newspolice &crime

ഭണ്ഡാരം തുറന്ന് എണ്ണുന്നതിനിടെ പണം അടിച്ചുമാറ്റി, സിഐടിയു നേതാവായ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർക്ക് സസ്‌പെൻഷൻ


ഭണ്ഡാരം തുറന്ന് എണ്ണുന്നതിനിടെ പണം അപഹരിച്ചെന്നു കണ്ടെത്തിയതിനെ തുടർന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർക്ക് സസ്‌പെൻഷൻ. കണ്ണൂർ മയ്യിൽ വേളം ഗണപതി ക്ഷേത്രത്തിലെ ഉദ്യോഗസ്ഥൻ മോഹന ചന്ദ്രനെതിരെയാണ് മലബാർ ദേവസ്വം ബോർഡ് നടപടിയെടുത്തത്. സിഐടിയുവിന് കീഴിലുള്ള ദേവസ്വം എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗമാണ് മോഹന ചന്ദ്രൻ.

മയ്യിൽ വേളം ഗണപതി ക്ഷേത്ര ഭണ്ഡാരങ്ങൾ തുറന്ന് എണ്ണിയത് കഴിഞ്ഞ മാസം 22നാണ്. ഈ സമയത്ത് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ പണം അപഹരിച്ചെന്നാണ് പരാതി ഉയർന്നത്. മലബാർ ദേവസ്വം ബോർഡ് അന്വേഷിച്ചു. കാസർഗോഡ് അസിസ്റ്റന്‍റ് കമ്മീഷണർക്കായിരുന്നു ചുമതല. അന്വേഷണത്തിലെ കണ്ടെത്തൽ ഇങ്ങനെ.എണ്ണുന്നതിനിടെ എക്സിക്യൂട്ടീവ് ഓഫീസർ മോഹന ചന്ദ്രൻ പണം പാന്‍റിന്‍റെ കീശയിലേക്ക് ഇട്ടു.പാരമ്പര്യ ട്രാസ്‌റ്റിയും പണം എണ്ണുന്നതിനു മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനും ഇക്കാര്യം ശരിവക്കുന്നു . ചെലവിനുള്ള പണമാണ് എടുത്തത് എന്നാണ് എക്സിക്യൂട്ടീവ് ഓഫീസർ മറുപടി നൽകിയത്.

ക്ഷേത്രത്തിലേക്ക് പൊതുജനം നൽകുന്ന പണം സത്യസന്ധമായി കൈകാര്യം ചെയ്യേണ്ട ഉദ്യോഗസ്ഥൻ തന്നെ ക്ഷേത്രത്തിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയിൽ ഏർപ്പെട്ടു.മോഹന ചന്ദ്രനെതിരെ നടപടിക്കും ശുപാർശ ചെയ്തു. ഇതോടെയാണ് സസ്പെൻഡ് ചെയ്ത് മലബാർ ദേവസ്വം കമ്മീഷണറുടെ ഉത്തരവ്.ഈ മാസം ഇരുപതിനു സംഭവത്തിൽ പാരമ്പര്യ ട്രസ്റ്റി ദേവസ്വം ബോർഡിന് പരാതി നൽകിയിരുന്നു.

ഓഫീസർക്കെതിരെ നടപടി ആവശ്യപ്പെട്ടു എണ്ണലിനു മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനും റിപ്പോർട്ട്‌ സമർപ്പിച്ചു.പണം അടിച്ചുമാറ്റിയതിൽ ബോർഡ് കൂടുതൽ അന്വേഷണം നടത്തും. സിഐടിയുവിന് കീഴിലുള്ള ദേവസ്വം ജീവനക്കാരുടെ സംഘടന, മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ് മോഹന ചന്ദ്രൻ. സംഘടനയുടെ തളിപ്പറമ്പ് ഏരിയ സെക്രട്ടറിയുമാണ്.എല്ലാ ഭാരവാഹിത്വത്തിൽ നിന്നും മോഹന ചന്ദ്രനെ പുറത്താക്കിയെന്നു സംഘടന അറിയിച്ചു.


Reporter
the authorReporter

Leave a Reply