കോഴിക്കോട്: വേനൽ ചുട്ടുപൊള്ളുമ്പോൾ പറവകൾക്ക് ഒരുകുടം വെള്ളവുമായി
സ്‌കൂൾ കുട്ടികൾ. മലാപ്പറമ്പ് ക്രിസ്തുരാജ സ്‌കൂളിലെ കുട്ടികളാണ് സ്‌കൂളിലും വീടുകളിലുമായി പറവകൾക്ക് കുടിനീർ പദ്ധതി തുടങ്ങിയത്. സ്‌കൂളിൽ തുടങ്ങിയ പദ്ധതി അവിടുത്തെ മുന്നൂറോളം വരുന്ന കുട്ടികളുടെ വീടുകളിലും ഒരുക്കുന്നതായി ഹെഡ്മാസ്റ്റർ ടി.ജെ.വർഗീസ് പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം പരിസ്ഥിതി പ്രവർത്തകൻ എം.എ.ജോൺസൻ നിർവഹിച്ചു. ചുട്ടുപൊള്ളുന്ന വേനലിൽ ഒരിറ്റുകുടിനീരിനായ് പറന്നു തളരുന്ന പക്ഷികൾക്ക് വെള്ളം നൽകാനുള്ള പദ്ധതി മാതൃകാപരമാണ്. സ്‌കൂളിൽ നിറച്ചുവെക്കുന്ന ഒരു കുടം വെള്ളത്തിലല്ല കാര്യം, സ്‌കൂളിലെ കുട്ടികളാകെ സ്വന്തം വീട്ടിലേക്കുകൂടി പദ്ധതി പ്രാവർത്തികമാക്കുമ്പോൾ നൂറുകണക്കായ പക്ഷികൾക്കാണ് അത് ജീവജലമാവുന്നതെന്ന് ജോൺസൻ പറഞ്ഞു. വീട്ടിലൊരു ലൈബ്രറി പദ്ധതി അനീസ് ബഷീർ നിർവഹിച്ചു. ഏറ്റവും നല്ല ലൈബ്രറി ഉണ്ടാക്കിയ കുട്ടികൾക്ക് ചടങ്ങിൽ അനീസ് ബഷീർ പുസ്തകങ്ങൾ ഉപഹാരമായി നൽകി. ബഷീർകഥകളിലൂടെ അദ്ദേഹം കുട്ടികളുമായി സംവദിച്ചു. ഹെഡ് മാസ്റ്റർ ടി.ജെ.വർഗ്ഗീസ് സ്വാഗതവും മാനേജർ ഫാദർ ജോ.മാത്യു എസ്.ജെ, അധ്യാപിക ജിൻസി എം.ബോണി എന്നിവർ സംസാരിച്ചു.