കോഴിക്കോട്:മുഖ്യമന്ത്രി പിണറായി വിജയനും മറ്റുമന്ത്രിമാർക്കും ഗവർണ്ണറെ ഭയമാണെന്നും അതുകൊണ്ടാണ് കാനം രാജേന്ദ്രനും എം.എ.മണിയെപ്പോലുള്ള മൂന്നാം കിട രാഷ്ട്രീയ നേതാക്കളെ കൊണ്ട് പ്രസംഗിപ്പിക്കുന്നതെന്നും സംസ്ഥാന ഭരണ തലവനായ ഗവർണ്ണരെ തേജോവധം ചെയ്ത കെ.എം.ബാലഗോപാലനെ പോലുള്ള ധനമന്ത്രിയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ബി.ജെ.പി ദേശീയ വൈസ് പ്രസിഡൻ്റ് എ.പി.അബ്ദുള്ളക്കുട്ടി പറഞ്ഞു. ലഹരി മുക്ത കേരളം ഭീകരമുക്ത കേരളം എന്ന മുദ്രാവാക്യമുയർത്തി കാണാശ്ശേരിയിൽ ബി.ജെ.പി പുതിയറ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ജന ജാഗരണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ വർദ്ധിച്ചു വരുന്ന ലഹരി പുതിയ തലമുറയെ വരിഞ്ഞുമുറുക്കിയിരിക്കുന്ന സാഹചര്യത്തിൽ അതിനെതിരെ നടപടിയെടുക്കുവാൻ സാധിക്കാതെ ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും ലോട്ടറി ലഹരിയിലും മദ്യലഹരിയിലും മാത്രം വരുമാനം കണ്ടെത്തുന്നവര്‍ക്ക് ലഹരിവിരുദ്ധ പോരാട്ടം ആത്മാര്‍ത്ഥമായി നടത്താന്‍ സാധിക്കുന്നില്ല.
പിണറായി ഭരണം കേരളത്തെ കുത്തുപാളയെടുപ്പിച്ചിരിക്കുകയാണ്.കടക്കെണിയിലായ കേരളത്തിന്‍റെ ഖജനാവിലെ പണമെടുത്ത് മുഖ്യമന്ത്രി ആര്‍ഭാടയാത്ര നടത്തുകയാണ്.നവോത്ഥാന കേരളത്തെ പുരോഗമന വാദികള്‍ എന്നവകാശപ്പെടുന്നവര്‍ അരാജകത്വത്തിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ മുഖ്യപ്രഭാഷണം നടത്തി. പുതിയറ മണ്ഡലം ബിജെപി പ്രസിഡന്‍റ് ടി.പി.ദിജില്‍ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ അജയ് നെല്ലിക്കോട്,ടി.റിനീഷ്,അനുരാധ തായാട്ട്,സി.പി.മണികണ്ഠന്‍,ഷെയിക് ഷാഹിദ്,തിരുവണ്ണൂര്‍ ബാലകൃഷ്ണന്‍, സൂരജ് കൊമ്മേരി തുടങ്ങിയവര്‍ സംസാരിച്ചു.