കോഴിക്കോട്:ഡിസംബർ 7 മുതൽ 12 വരെ നടക്കുന്ന ജില്ലാ കേരളോത്സവത്തിൻ്റെ പ്രചാരണവും ലോകകപ്പ് ഫുട്ബോളിൻ്റെ ആഹ്ളാദാരവും ചേർന്ന് ഡിസംബർ 6 ന് ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോർഡും ചേർന്ന് സെലിബ്രിറ്റി ഫുട്ബോൾ സംഘടിപ്പിക്കുന്നു.
വൈകുന്നേരം 4 മണിക്ക് കാരപ്പറമ്പ് ഫുട്ബോൾ ടർഫിലാണ് മത്സരങ്ങൾ.
ജനപ്രതിനിധികൾ, മാധ്യമ പ്രവർത്തകർ, യുവജന സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നീ ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുക.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കോർപ്പറേഷൻ മേയർ, ജില്ലാ കളക്ടർ, സിറ്റി ഡപ്യൂട്ടിപോലീസ് കമ്മീഷണർ, ജില്ലാ വികസന കമ്മീഷണർ മാധവിക്കുട്ടി ഐ.എ.എസ്, മുൻ എം എൽ എ . എ പ്രദീപ് കുമാർ ,പ്രശസ്ത ഫുട്ബോളർ പ്രേംനാഥ് ഫിലിപ്പ്, എഴുത്തുകാരൻ വി.ആർ. സുധീഷ്, നടൻ ദേവരാജ് ദേവ്, സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് ഒ. രാജഗോപാൽ , പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് ഫിറോസ് ഖാൻ , ട്രാൻസ് ജൻ്റർ ആക്ടിവിസ്റ്റ് അനാമിക ലിയോ, ജീവതാളം അബാസിഡർ വൈശാഖ് തുടങ്ങിയവർ പന്തുതട്ടി ഉദ്ഘാടനം നിർവ്വഹിക്കും.
സൗഹൃദ മത്സരത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി ശിവാനന്ദൻറെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ ടീമും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീറിന്റെ നേതൃത്വത്തിൽ ഉള്ള ജീവനക്കാരുടെ ടീമും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫിന്റെ നേതൃത്വത്തിലുള്ള യുവജന സംഘടന പ്രതിനിധികളുടെ ടീമും ജൈസൽ ബാബുവിന്റെ നേതൃത്വത്തിലുള്ള മാധ്യമപ്രവർത്തകരുടെ ടീമും തമ്മിലാണ് മത്സരം .
ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളാണ് ജനപ്രതിനിധികളുടെ ടീമിൽ ഉണ്ടാവുക. സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ജീവനക്കാരുടെ ടീമിൽ അംഗങ്ങളായി മത്സരിക്കും. ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് ,എ ഐ വൈ എഫ് , യൂത്ത് ലീഗ്, യുവമോർച്ച , എൽ വൈ ജെ ഡി , എൻ വൈ സി തുടങ്ങിയ യുവജന സംഘടനകളുടെ ജില്ലാ നേതാക്കളാണ് യുവജന സംഘടന ടീമിൽ മത്സരിക്കുക. കോഴിക്കോട് വിവിധ മാധ്യമ സ്ഥാപനങ്ങളിലെ ജീവനക്കാർ അടങ്ങുന്നതാണ് മാധ്യമപ്രവർത്തകരുടെ ടീം