കോഴിക്കോട്: നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ വലിയങ്ങാടിയിൽ കെട്ടിടത്തിൻ്റെ സ്ലാബ് തകർന്ന് നാലു പേർ മരണപ്പെട്ട അപകടത്തിൻ്റെ പശ്ചാത്തലത്തിൽ കോർപറേഷൻ്റെ കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്തുകയും പുനർ നിർമിക്കുകയും ചെയ്യും. ഇതിനായി ബജറ്റിൽ 20 കോടി രൂപ വകയിരുത്തി. സമീപകാലത്തുണ്ടായ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ പഴയ കെട്ടിടങ്ങളുടെ നവീകരണത്തിനും പുനർ നിർമാണത്തിനും വലിയ പ്രാധാന്യം നൽകുമെന്ന് നഗരസഭ ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ഡെപ്യൂട്ടി മേയർ ഡോ. എസ് ജയശ്രീ പറഞ്ഞു. നടപ്പ് വർഷത്തിൽ തന്നെ എഞ്ചിനിയറിംഗ്, ഹെൽത്ത്, റവന്യൂ വകുപ്പുകൾ കെട്ടിടങ്ങളിൽ സംയുക്ത പരിശോധന നടത്തും. തുടർന്ന് ഇവയുടെ സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കി പൊളിച്ചു മാറ്റേണ്ടവ പൊളിച്ചു മാറ്റുകയും നവീകരിക്കേണ്ടവ നവീകരിക്കുകയും ചെയ്യും. വലിയങ്ങാടിയിൽ അപകടത്തിൽ പെട്ടവരുടെ കുടുംബത്തിന് അടിയന്തിര സഹായം എത്തിക്കുന്നതിനും അവരുടെ ജീവിത ഭദ്രത ഉറപ്പു വരുത്തുന്ന നടപടികൾ സ്വീകരിക്കണമെന്ന കാര്യത്തിലും കൗൺസിലിന് കഴിഞ്ഞുവെന്നത് നഗരത്തിന് നൽകുന്ന വലിയ യോജിപ്പിൻ്റെ സന്ദേശമാണെന്ന് ആമുഖ പ്രസംഗത്തിൽ മേയർ ഒ സദാശിവൻ പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കോർപറേഷൻ ഒരു ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. 25 ലക്ഷം രൂപ സഹായധനം നൽകാനും കുടുംബത്തിലെ ഒരാൾക്ക് യോഗ്യതക്കനുസരിച്ചുള്ള ജോലി നൽകാനും കൗൺസിൽ സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നഗരത്തിലെ പാർക്കുകളും പ്രധാന ജംഗ്ഷനും നവീകരിക്കും. 2000 പേർക്ക് ഇരിക്കാൻ പറ്റുന്ന രീതിയിലുള്ള പുതിയ ടാഗോർ ഹാളിൻ്റെ നിർമാണ പ്രവൃത്തി തുടങ്ങുന്നതിനുള്ള നടപടികൾ ധനകാര്യ സ്ഥാപനത്തിൽ നിന്നും ഫണ്ട് ലഭ്യമാക്കി ത്വരിതപ്പെടുത്തും. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ഓപ്പൺ ജിമ്മും എസ്കലേറ്ററുകളും സ്ഥാപിക്കും. മാനാഞ്ചിറയെ നഗരത്തിൻ്റെ സ്വാഭാവിക ഓക്സിജൻ പാർലറാക്കി മാറ്റുന്നതിന് സിറ്റി ബ്യൂട്ടിഫിക്കേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കും. നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ മതിയായ ഡ്രെയിനേജ് സ്ഥാപിക്കാനും ബജറ്റിൽ തുക മാറ്റി വെച്ചിട്ടുണ്ട്.










