നാദാപുരം: കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സര്‍വിസ് നാദാപുരം മണ്ഡലത്തില്‍ ആരംഭിക്കണമെന്ന് മലബാര്‍ ഡവലപ്‌മെന്റ് ഫോറം ആവശ്യപ്പെട്ടു. മണ്ഡലത്തിലെ ഉറിതൂക്കിമല, നാദാപുരംമുടി, കുറ്റ്യാടിചുരം, ജാനകിക്കാട് പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നാദാപുരത്തുനിന്ന് ബജറ്റ് ടൂറിസം പദ്ധതി ആരംഭിക്കണം. ഇരിങ്ങല്‍, പയംകുറ്റിമല, പെരുവണ്ണാമൂഴി, കരിയാത്തന്‍പാറ, കക്കയം പ്രദേശങ്ങളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്താം. ഈയാവശ്യം ഉന്നയിച്ച് ടൂറിസം വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കാനും എംഡിഎഫ് നാദാപുരം മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
പാനൂർ വഴി കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് തൊട്ടില്‍പ്പാലത്തുനിന്ന് കെഎസ്ആര്‍ടിസി ബസ് സര്‍വിസ് ആരംഭിക്കണം. വയനാട്ടിലേക്കുള്ള ബദല്‍പാതയുടെ സാങ്കേതിക തടസങ്ങള്‍ മറികടന്ന് പണി പൂര്‍ത്തീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് ജമാല്‍ കോരങ്കോട്ട് അധ്യക്ഷനായിരുന്നു. എരോത്ത് ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു. ജാഫർ വാണിമേൽ മുഖ്യപ്രഭാഷണം നടത്തി. ജീവകാരുണ്യപ്രവര്‍ത്തകന്‍ പി.കെ ഹമീദിനെ ചടങ്ങില്‍ ആദരിച്ചു. സെക്രട്ടറി വിനോദന്‍ കോതോട്, ട്രഷറര്‍ എന്‍.കെ ഫിര്‍ദൗസ്, സെന്‍ട്രല്‍ കമ്മിറ്റി അംഗം എന്‍.പി സക്കീര്‍, രാജലക്ഷ്മി ടീച്ചര്‍, കെ.വി മുനീര്‍, ഫിറോസ് കോരങ്കോട്ട്, എം.എ ഹമീദ്, ഡോ. അബ്ദുല്‍ ഹമീദ്, പി.വി കുഞ്ഞബ്ദുല്ല എന്നിവര്‍ സംസാരിച്ചു.