കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയില്‍ 1040 ഏക്കര്‍ ഭൂമി തരംമാറ്റി വില്‍പന നടത്തി കെട്ടിടനിര്‍മ്മാണം നടത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി കോഴിക്കോട് ജില്ല പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ ആവശ്യപ്പെട്ടു. ഭൂപരിഷ്‌കരണം നടപ്പാക്കിയ കേരളത്തില്‍ തോട്ടംഭൂമി തരംമാറ്റി ഏക്കര്‍ കണക്കിന് മറിച്ചുവിറ്റത് ആരാണെന്ന് കണ്ടെത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പതിനഞ്ച് ഏക്കറിലധികം ഭൂമി ഒരാള്‍ക്ക് കൈവശം വെക്കാന്‍ പാടില്ലെന്നാണ് നിയമം. തോട്ടഭൂമിയാണെങ്കില്‍ മാത്രമേ ഈ ഭൂപരിധിയില്‍ ഇളവുള്ളു. തോട്ടഭൂമി ആരെങ്കിലും തരംമാറ്റിയിട്ടുണ്ടെങ്കില്‍ അത് മിച്ചഭൂമിയായി കണക്കാക്കി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും നിയമമുണ്ട്. അതനുസരിച്ച് കോടഞ്ചേരിയില്‍ കെട്ടിട നിര്‍മ്മാണം നടക്കുന്ന 1040 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതാണ്. ഉന്നതരുടെ അറിവോടെയാണ് ഇവിടെ ഭൂമിതരംമാറ്റം നടന്നിരിക്കുന്നത്. ഈ ഭൂമി റബ്ബര്‍ തോട്ടമാണെന്ന് സര്‍ക്കാര്‍ രേഖകളില്‍ തന്നെയുണ്ട്. റവന്യൂ വകുപ്പിലെയും രജിസ്‌ട്രേഷന്‍ വകുപ്പിലെയും ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഈ നിയമലംഘനം നടന്നത്.നോളജ്സിറ്റി,മറ്റു ചില സ്വകാര്യ പദ്ധതികള്‍ എന്നിവക്കുവേണ്ടി പലരും ചെറിയ കഷണങ്ങളാക്കി മേടിച്ച സഥലങ്ങള്‍ വെഞ്ചേരി എസ്റ്റേറ്റ് എന്ന പ്ലാന്‍റേഷന്‍ ഭൂമിയാണെന്നാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
നോളജ് സിറ്റിക്കു വേണ്ടി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത് തോട്ടഭൂമിയായിരുന്ന സ്ഥലത്തല്ല എന്നാണ് അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിശദീകരണം. അങ്ങനെയാണെങ്കില്‍ രേഖകളില്‍ കാണുന്ന തോട്ടഭൂമി എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയണമെന്നും വി.കെ. സജീവന്‍ പറഞ്ഞു. ബിജെപി ജില്ല വൈസ് പ്രസിഡന്റ് ബി.കെ. പ്രേമന്‍, ജില്ല സെക്രട്ടറി പ്രശാന്ത്കുമാര്‍, സംസ്ഥാന സമിതി അംഗം ഹരിദാസ് പൊക്കിണാരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.