Thursday, November 21, 2024
LatestTourism

ബേപ്പൂര്‍ വാട്ടർ ഫെസ്റ്റ് രണ്ടാം സീസണ് പ്രൗഢോജ്വല തുടക്കം – കേരളത്തിന്റെ ഭാവിയായി വിനോദ സഞ്ചാര മേഖല മാറും – മന്ത്രി പി. എ മുഹമ്മദ് റിയാസ്


കോഴിക്കോട്: കേരളത്തിന്റെ ഭാവിയായി വിനോദ സഞ്ചാര മേഖല മാറുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. സാഹസിക ജല കായിക മത്സരങ്ങളുടെ ഭൂപടത്തില്‍ ഇടം നേടിയ ബേപ്പൂര്‍ വാട്ടർ ഫെസ്റ്റ് രണ്ടാം സീസൺ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബേപ്പൂർ വാട്ടർഫെസ്റ്റ് എല്ലാ വർഷവും നടത്തുമെന്നും മന്ത്രി പറഞ്ഞു. ടൂറിസത്തെ ശക്തിപ്പെടുത്തി കേരളത്തിന്‍റെ ഗ്രാമീണ സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നത്. ആഭ്യന്തര സഞ്ചാരികളുടെ വരവിൽ ഈ വർഷം സർവകാല റെക്കോർഡ് നേടിയെന്നും മന്ത്രി പറഞ്ഞു.

മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് പി. കെ കുഞ്ഞാലിക്കുട്ടി വിശിഷ്ടാതിഥി ആയിരുന്നു. ചലച്ചിത്ര തരാം സുരാജ് വെഞ്ഞാറമൂട് മുഖ്യാതിഥി ആയി. വേദിയെ ഒന്നടങ്കം കയ്യിലെടുത്ത പ്രകടനവും അദ്ദേഹം കാഴ്ചവച്ചു. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി നേവൽ ബാന്റിന്റെ സംഗീത പരിപാടിയും അരങ്ങേറി.

ഡിസംബര്‍ 28 വരെ നീണ്ടു നിൽക്കുന്ന ബേപ്പൂര്‍ വാട്ടര്‍ഫെസ്റ്റ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സാഹസിക ജല കായിക മത്സരങ്ങളുടെ വേദിയാണ്.

രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ബുഷ്‌റ റഫീഖ്, ഫറോക്ക് മുനിസിപ്പാലിറ്റി ചെയർമാൻ എൻ. സി റസാഖ്, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ, ജില്ലാപഞ്ചായത്ത് അംഗം പി. ഗവാസ്, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനുഷ, കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷ കൃഷ്ണകുമാരി, ഡി. ഡി. സി കെ. എസ് മാധവിക്കുട്ടി, കൗൺസിലർമാർ, ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി സ്വാഗതവും അഡീഷണൽ ടൂറിസം ഡയറക്ടർ പ്രേം കൃഷ്ണൻ നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply