കോഴിക്കോട്: കഴിഞ്ഞ നാല് വർഷക്കാലമായി നിർത്തിവച്ചിരിക്കുന്ന ലക്ഷദ്വീപ്- ബേപ്പൂർ പാസഞ്ചർ വെസൽസ് സർവീസ് പുനസ്ഥാപിക്കണമെന്ന്
ബേപ്പൂർ തുറമുഖ വികസന പദ്ധതികൾ വേഗത്തിൽ
നടപ്പിലാക്കണമെന്ന്
കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സർക്കാറിനോട് അഭ്യർത്ഥിച്ചു.
ഇത് സംബന്ധിച്ച്
കാലിക്കറ്റ് ചേംബറിൻ്റെ നേതൃത്വത്തിൽ സ്റ്റേക്ക് ഹോൾഡേർഡ് യോഗം ഈ മാസം 29ന് ചേംബർ ഹാളിൽ വച്ച് നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
മലബാറിന്റെ വികസനത്തിന് മുഖ്യ പങ്ക് വഹിക്കാൻ സാധിക്കുന്ന ബേപ്പൂർ തുറമുഖ വികസനം അടിയന്തരമായി നടപ്പിലാക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാറുകൾ തയ്യാറാകണം. ബേപ്പൂർ തുറമുഖ വികസനത്തിൽ നിർണായക പങ്കു വഹിക്കാൻ സാധിക്കുന്ന സാഗർ മാല പ്രോജക്ടിൽ ബേപ്പൂരിനെയും ഉൾപ്പെടുത്തുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കേണ്ടതാണ്.
ബേപ്പൂർ വാർഫിന്റെ നിലവിലുള്ള 314 മീറ്റർ നീളം 514 മീറ്റർ ആക്കി വർധിപ്പിക്കുന്നതിനും വലിയ കപ്പലുകൾക്ക് ആവശ്യമായ ആഴം വർദ്ധിപ്പിക്കുന്നതിനും , ഡ്ജിങ് നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനം , റെയിൽവേ റോഡ് തുടങ്ങിയ വികസന പ്രവർത്തനങ്ങളും അടിയന്തരമായി പൂർത്തീകരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാവണം.
ബേപ്പൂർ തുറമുഖം – കനോലി കനാൽ ബന്ധിപ്പിക്കുന്നതിൽ മാസ്റ്റർ പ്ലാനിൽ തുക അനുവദിക്കണമെന്നും ചേംബർ അഭ്യർത്ഥിച്ചു.
വർഷങ്ങളായി ആഴ്ചയിൽ രണ്ട് സർവീസ് വരെ നടത്തിക്കൊണ്ടിരുന്ന ബേപ്പൂർ – ലക്ഷദ്വീപ് പാസഞ്ചർ വെസൽ സർവീസ് കഴിഞ്ഞ നാലു വർഷക്കാലമായി പൂർണ്ണമായും നിർത്തിവച്ചിരിക്കുന്നത് പ്രതിഷേധാർഹമാണ്.
ലക്ഷദ്വീപുമായി ഏറ്റവും അടുത്ത തുറമുഖ നഗരമാണ് കോഴിക്കോട്. അതിനാൽ ലക്ഷദ്വീപ്കാരുടെ വിദ്യാഭ്യാസം, ചികിത്സ,വ്യാപാരം തുടങ്ങിയ ആവശ്യങ്ങൾക്ക് കോഴിക്കോടിനെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്.
യാത്ര കപ്പൽ ഇല്ലാതായതുമൂലം കോഴിക്കോടിന്റെ വ്യാപാരമേഖലയും പ്രതികൂലമായി ബാധിച്ചിരിക്കുന്നു.
ഈ വിഷയവുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ കാലിക്കറ്റ് ചേംബർ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ,
കേന്ദ്ര ഷിപ്പിംഗ് വകുപ്പ് മന്ത്രി, ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ്, സംസ്ഥാന ഗവർണർ,മുഖ്യമന്ത്രി,
സംസ്ഥാന വിനോദസഞ്ചാര – പിഡബ്ല്യുഡി വകുപ്പ് മന്ത്രി, കേരള മാരിടൈം ബോർഡ് ചെയർമാൻ, പ്രതിപക്ഷ നേതാവ് തുടങ്ങിയവർക്ക് നിവേദനം നൽകിയിരുന്നു.
കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സിന്റെ അഭ്യർത്ഥന മുൻനിർത്തി ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് കൊച്ചിൻ ഷിപ്പിയാർഡിൽ അറ്റകുറ്റപ്പണികൾക്കായി നിർത്തിയിരുന്ന വലിയപാനി,ചെറിയ പാനി എന്നീ ഹൈ സ്പീഡ് പാസഞ്ചർ കഴിഞ്ഞമാസം 10, 12 തീയതികളിൽ സർവീസ് നടത്തുന്നതിന് നൽകിയെങ്കിലും ലക്ഷദ്വീപ്- ബേപ്പൂർ റൂട്ടിൽ സർവീസ് നടത്തുന്നതിനുള്ള അനുമതി ഇത് വരെ ദ്വീപ് ഭരണകൂടത്തിൽ നിന്നും ലഭിച്ചിട്ടില്ല.നിലവിൽ അറേബ്യൻ സി , എം വി ലഗൂൺസ്, എം വി കവരത്തി, ലക്ഷദ്വീപ് സി തുടങ്ങിയ നാല് കപ്പലുകൾ അറ്റപ്പണികൾക്കായി കൊച്ചിൻ ഷിപ്പിയാർഡിൽ നിർത്തിയിട്ടിരിക്കുകയാണ്. ഈ കപ്പലുകളും അടിയന്തരമായി അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് സർവീസ് നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ബേപ്പൂരിൽ നിന്നും ലക്ഷദ്വീപിലേക്കുള്ള സർവീസ് പുനരാരംഭിക്കണമെന്നും ചേംബർ ലക്ഷദ്വീപ് ഭരണ കൂടത്തോട് അഭ്യർത്ഥിച്ചു.
നിലവിൽ ലഭ്യമാകുന്ന വിവരപ്രകാരം അറേബ്യൻ സി, എം വി ലഗൂൺസ് കപ്പലുകൾ ഒരാഴ്ചയ്ക്കകം തന്നെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചു സർവീസ് ആരംഭിക്കുന്നതിന് സാധിക്കുമെന്നാണ് അറിയുന്നത് . നേരത്തെ 10 കപ്പലുകളാണ് കേരളവുമായി ബന്ധപ്പെട്ട സർവീസ് നടത്തിയിരുന്നത്, അതിൽ വലിയ പാനി, ചെറിയപാനി, പറളി,അമ്മിനീ വി, എം വി മിനിക്കോയ് എന്നീ ഹൈ സ്പീഡ് വെസൽസ് ബേപ്പൂർ- ലക്ഷദ്വീപ് റൂട്ടിൽ സർവ്വീസ് നടത്തിയിരുന്നു.
ബേപ്പൂരിന്റെ സമഗ്ര വികസനം ഉടൻ നടപ്പിലാക്കുക, ലക്ഷദ്വീപ് ബേപ്പൂർ പാസഞ്ചർ വെസൽസ് സർവീസ് അടിയന്തരമായി പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായുമുള്ളത്.
സ്റ്റേക്ക് ഹോൾഡേർസ് യോഗത്തിൽ
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ,
മന്ത്രിമാർ, ജില്ലയിൽ നിന്നുമുള്ള എംപിമാർ എംഎൽഎമാർ,
കേരള മാരിടയം ബോർഡ് ചെയർമാൻ,ബേപ്പൂർ പോർട്ട് ഓഫീസർ , വിവിധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുമെന്നും കാലിക്കറ്റ് ചേംബർ അറിയിച്ചു.
പത്ര സമ്മേളനത്തിൽ ചേംബർ പ്രസിഡന്റ് അർബൻ പ്ലാനർ വിനീഷ് വിദ്യാധരൻ , ഹോണററി സെക്രട്ടറി അഡ്വ. സിറാജുദ്ദീൻ ഇല്ലത്തൊടി , വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി , ട്രഷറർ വിശോഭ് പനങ്ങാട് , ഫൗണ്ടർ പ്രസിഡൻ്റ് എം മുസമ്മിൽ, മുൻ പ്രസിഡൻ്റ്മാരായ സുബൈർ കൊളക്കാടൻ , റാഫി പി ദേവസി, കമ്മിറ്റി അംഗം ബോബിഷ് കുന്നത്ത് എന്നിവർ പങ്കെടുത്തു.