Sunday, December 22, 2024
GeneralLatestTourism

ബേപ്പൂർ വാട്ടർ ഫെസ്റ്റ്: ആവേശം വാനോളം ഉയർത്തി നാഷണൽ കൈറ്റ് ഫെസ്റ്റിവൽ


ബേപ്പൂർ :ആകാശത്തേയ്ക്ക് പൊങ്ങി ഉയരുന്ന പട്ടങ്ങൾ വർണവിസ്മയം തീർക്കുന്ന കാഴ്ചയ്ക്കാണ് ബേപ്പൂർ മറീന നാഷണൽ കൈറ്റ് ഫെസ്റ്റിവലിലൂടെ സാക്ഷ്യം വഹിച്ചത്. നാഷണൽ കൈറ്റ് ഫെസ്റ്റിവൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.

കരയിലും കടലിലും ആകാശത്തും വിസ്മയം സൃഷ്ടിക്കുന്ന ഫെസ്റ്റിന് എല്ലാ ആശംസകളും മന്ത്രി നേർന്നു. വാട്ടർ ഫെസ്റ്റ് ഒരു കൂട്ടായ്മയുടെ വിജയമാണ്. ഇതിന്റെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച എല്ലാവരെയും മന്ത്രി പ്രശംസിച്ചു. പല രൂപത്തിലും ഭാവത്തിലും  വർണത്തിലുമുള്ള പട്ടങ്ങൾ കാറ്റിന്റെ താളത്തിൽ ഉയർന്നും താഴ്ന്നും നയന മനോഹര കാഴ്ച്ചയൊരുക്കി.ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മുഖ്യാതിഥിയായി. കേരളത്തിലെ പ്രധാനപ്പെട്ട തീരദേശ കേന്ദ്രങ്ങളിൽ പട്ടം പറത്തൽ മത്സരം ഉൾപ്പെടെ നടത്താൻ ആലോചിക്കുന്നതായി  മന്ത്രി പറഞ്ഞു. കോവിഡിൽ ഏറ്റവുമധികം പ്രയാസം അനുഭവിച്ച മേഖല ടൂറിസമാണ്. എന്നാൽ ഈ പ്രതിസന്ധിയിൽ ഭാവിയിൽ ഏറ്റവും സാധ്യതയുള്ളതും ടൂറിസം മേഖലയ്ക്ക് തന്നെയാണ്. ആ സാധ്യതയെ ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള എല്ലാ നീക്കങ്ങൾക്കും ഒപ്പം ടൂറിസം വകുപ്പ് ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു

സ്റ്റണ്ട് കൈറ്റ്, പവർ, ട്രെയിൻ, ഷോ കൈറ്റ് തുടങ്ങിയ ഇനത്തിൽപ്പെട്ട സ്‌പൈഡർമാൻ, നീരാളി, ഡ്രാഗൺ തുടങ്ങി പല രൂപത്തിലുള്ള പട്ടങ്ങൾ ഫെസ്റ്റിവലിൽ അണിനിരന്നു. 12 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഉണ്ടായിരുന്നു.

ബേപ്പൂർ മറീനയിൽ നടന്ന ചടങ്ങിൽ കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കൃഷ്ണകുമാരി, സബ് കലക്ടർ ചെൽസാസിനി, ടൂറിസം വകുപ്പ് ഡയറക്ടർ വി.ആർ.കൃഷ്ണ തേജ, ജില്ലാ പഞ്ചായത്ത് മെമ്പർ പി.ഗവാസ്, കോർപ്പറേഷൻ കൗൺസിലർ മുഹമ്മദ് നവാസ് തുടങ്ങിയവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply