Sunday, December 22, 2024
GeneralLatestTourism

ബേപ്പൂരിൽ സർഫിഗ് സ്കൂൾ ആരംഭിക്കും – പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്


കോഴിക്കോട്: കരയിലും കടലിലും ആകാശത്തും വിസ്മയം തീർത്ത ജല സാഹസിക മേളയ്ക്ക് പ്രൗഢോജ്ജ്വല സമാപ്തി. നാല് ദിവസം നീണ്ടു നിന്ന ഫെസ്റ്റ് ബേപ്പൂരിന്റെ ചരിത്രത്തിൽ മായാതെ നിൽക്കും. ബേപ്പൂർ ഫെസ്റ്റിന്റെ സമാപന സമ്മേളനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

ബേപ്പൂരിൽ സർഫിഗ് സ്കൂൾ ആരംഭിക്കുമെന്നും പ്രാദേശികരായ മത്സ്യത്തൊഴിലാളികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരെ ഭാവിയിൽ സർഫിംഗ് സ്കൂളിൽ അധ്യാപകരായി നിയമിക്കാൻ ടൂറിസം വകുപ്പ് ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. ഇതിലൂടെ അവരുടെ കുടുംബങ്ങൾക്ക് ഒരു വരുമാനവും നാടിന് വലിയ മാറ്റങ്ങൾ ഉണ്ടാക്കാനും സാധിക്കും.

തുടക്കം തന്നെ അഭൂതപൂർവ്വമായ ജനപിന്തുണയുടെ ഭാഗമായി ഫെസ്റ്റ് വിജയകരമായി. കേരളത്തിലെ വിനോദസഞ്ചാര മേഖലയെ സംബന്ധിച്ച് വളരെ നിർണായകമായ നാല് ദിവസങ്ങൾക്കാണ് ബേപ്പൂർ സാക്ഷ്യം വഹിച്ചത്. രാജ്യത്തെതന്നെ ഏറ്റവും വലിയ വാട്ടർ ഫെസ്റ്റുകളിൽ ഒന്നായി ബേപ്പൂർ വാട്ടർ ഫെസ്റ്റ് മാറിയത് വളരെ അഭിമാനകരമാണ്. അടുത്തവർഷം ഇതിലും വിപുലമായ രീതിയിൽ ബേപ്പൂരിൽ ജലോത്സവമത്സരങ്ങൾ സംഘടിപ്പിക്കും.

സെയ്‌ലിംഗ് ഉൾപ്പെടെയുള്ള അഡ്വഞ്ചർ ടൂറിസത്തിന് രാജ്യത്തെ പ്രധാന കേന്ദ്രമായി ബേപ്പൂരിലെ മാറ്റി തീർക്കുവാനുള്ള ശ്രമങ്ങൾക്ക് ടൂറിസം വകുപ്പ് നേതൃത്വം കൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. വിനോദസഞ്ചാര മേഖലയുടെ സമഗ്ര വികസനത്തിനാണ് സർക്കാർ ഊന്നൽ നൽകുന്നത്. ടൂറിസത്തിന്റെ വികാസം എന്ന് പറഞ്ഞാൽ വലിയ കെട്ടിടങ്ങൾ ഉയരലല്ല ആ പ്രദേശത്തെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കലാണെന്ന് കരുതുന്ന സർക്കാരാണ് കേരളത്തെ നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് അംഗം സന്തോഷ് ജോർജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തി. വലിയ ജനപങ്കാളിത്തതോടെ ഈ ടൂറിസം പദ്ധതിക്ക് തുടക്കം കുറിക്കുമ്പോൾ കരുത്തായി മാറുന്നത് നമ്മുടെ പാരമ്പര്യവും സംസ്കാരവുമാണെന്ന് സന്തോഷ് ജോർജ്ജ് കുളങ്ങര പറഞ്ഞു. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ടൂറിസ്റ്റുകൾ ഇവിടേക്കെത്തുന്ന ഒരു കാലം ഉണ്ടാവണം. അതിന് നമ്മുടെ ഓരോരുത്തരുടെയും പിന്തുണ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

ബേപ്പൂരിലെ ഓരോ പൗരന്റെയും കൈകളിലേക്ക് ടൂറിസത്തിന്റെ അനന്തമായ സാധ്യതകൾ എത്തിച്ചേരുന്നതിന്റെ തുടക്കമാണിത്. ഏതൊരു സാധാരണക്കാരനും പങ്കാളികളാവാൻ അവസരം ലഭിക്കുന്ന വലിയൊരു പദ്ധതിക്കാണ് സർക്കാരും ടൂറിസം വകുപ്പും പദ്ധതിയിടുന്നത്. നമ്മുടെ സംസ്കാരത്തെയും സാഹോദര്യത്തെയും ഊട്ടിയുറപ്പിക്കുകയാണ് ടൂറിസം എന്നത് തിരിച്ചറിയാനുള്ള അവസരമാണിത്.
അന്യം നിന്നു പോയ കലാരൂപങ്ങളെ നവീകരിക്കുന്നതിനും അവയെ ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്നതിനും നമ്മുടെ ഭക്ഷ്യ വൈവിധ്യങ്ങൾ, നമ്മുടെ ജീവിതക്രമങ്ങൾ എന്നിവ ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്നതിനുള്ള അവസരമാണ് ടൂറിസത്തിലൂടെ സാധ്യമാവുന്നത്. അത്തരമൊരു ടൂറിസത്തിന് മാതൃകയായി ഈ സംരംഭം മാറുമെന്നതിന് യാതൊരു സംശയവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

സിനിമാ താരം മഞ്ജുവാര്യർ വിശിഷ്ടാതിഥിയായി. ഒരു ജലകായികമേള എന്നതിനപ്പുറം കോഴിക്കോട്ടെയും മറ്റു ജില്ലകളിലെയും കുടുംബങ്ങൾ ആവേശപൂർവ്വം ഏറ്റെടുത്ത ഒരു ഉത്സവമായി മാറി. കോവിഡ് കാലം നഷ്ടമാക്കിയ ഇത്തരം ഉത്സവങ്ങളും ഒത്തുചേരലുകളും തിരിച്ചുകൊണ്ടുവരാൻ മുന്നിൽ നിന്ന ടൂറിസം മന്ത്രിക്കും ഫെസ്റ്റിന്റെ സംഘാടകർക്കും പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു. മത്സരങ്ങളിൽ ഉടനീളം ഉയർന്നുനിന്ന ആവേശവും കരുത്തും തന്നെയാണ് മേളയുടെ ഏറ്റവും വലിയ വിജയം. മലബാറിലെ രുചി വൈവിധ്യങ്ങൾ വിളമ്പിയ ഭക്ഷ്യമേളയും ഫെസ്റ്റിന് കൊഴുപ്പേറി. ലോകത്തിലെ തന്നെ ടൂറിസം കലണ്ടറിൽ ഇടം നേടാൻ പോകുന്ന ഫെസ്റ്റിനും സംഘാടകർക്കും എല്ലാവിധ ആശംസകളും താരം നേർന്നു.

ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി അധ്യക്ഷത വഹിച്ചു. മേയർ ഡോ. ബീന ഫിലിപ്പ്, കോർപ്പറേഷൻ നഗരാസൂത്രണ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കൃഷ്ണ കുമാരി, വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ വി.ആർ.കൃഷ്ണ തേജ, ജില്ലാ പോലീസ് മേധാവി എ.വി.ജോർജ്ജ്, സബ് കലക്ടർ വി.ചെൽസ സിനി, ഡി.സി.പി സ്വപ്‌നിൽ മധുകർ മഹാജൻ, എ.ഡി.എം സി. മുഹമ്മദ്‌ റഫീഖ്, വിനോദസഞ്ചാരവകുപ്പ് ജോയിന്റ് ഡയറക്ടർ സി.എൻ അനിതകുമാരി, കൗൺസിലർമാർ, ഓർഗനൈസിംഗ് കമ്മിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻമാർ, കൺവീനർമാർ തുടങ്ങിയവർ സംസാരിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളെ വിജയികളായവർക്ക് ചടങ്ങിൽ ഉപഹാരം നൽകി.


Reporter
the authorReporter

Leave a Reply