Art & CultureLatest

ബഷീർ ഫെസ്റ്റ് ജൂലൈ ഒന്നുമുതൽ അഞ്ചുവരെ; സംഘാടക സമിതി രൂപീകരിച്ചു 


വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയെട്ടാം ചരമദിനത്തോടനുബന്ധിച്ച് നമ്മൾ ബേപ്പൂരിന്റെ ആഭിമുഖ്യത്തിൽ ജൂലൈ ഒന്നുമുതൽ അഞ്ചുവരെ ബഷീർ ഫെസ്റ്റ് സംഘടിപ്പിക്കാൻ തീരുമാനമായി. പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന ബഷീർ ഫെസ്റ്റ് സംഘാടക സമിതി രൂപീകരണ യോഗത്തിലാണ് ഫെസ്റ്റ് അഞ്ചു ദിവസങ്ങളിലായി നടത്താൻ തീരുമാനമായത്. യോഗത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീഷ് ബഷീറും സംബന്ധിച്ചു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് രക്ഷാധികാരിയായ സംഘാടക സമിതിയിൽ മേയർ ഡോ. ബീന ഫിലിപ്പ് ചെയർപേഴ്സണാകും. ടി. രാധാഗോപി, പ്രദീപ് ഹുഡിനോ, പ്രൊഫ. കെ.ഇ.എൻ. കുഞ്ഞഹമ്മദ്, അബ്ദുൽ ജബ്ബാർ, പി.പി. രാമചന്ദ്രൻ മാസ്റ്റർ, അഡ്വ. രാധാകൃഷ്ണൻ, പ്രൊഫ. യു. ഹേമന്ത് കുമാർ എന്നിവർ വൈസ് ചെയർമാൻമാർ ആകും. സബ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി.
ജൂലൈ ഒന്നിന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടി ജൂലൈ അഞ്ചിന് സമാപിക്കും. എല്ലാ ദിവസവും കലാപരിപാടികൾ ഉണ്ടാകും. ബേപ്പൂർ മണ്ഡലത്തിലെ സ്കൂളുകളിൽ ബഷീർ രചനകളുമായി ബന്ധപ്പെട്ടു ക്വിസ്, വായന മത്സരങ്ങൾ, ബഷീർ കഥാപാത്രങ്ങളുടെ അവതരണം,  ബഷീർ കൃതികളിലെ മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പരിപാടികൾ എന്നിവ നടത്തും.
വായനശാലകളിൽ ബഷീർ പുസ്തകചർച്ച, സെമിനാറുകൾ എന്നിവ നടത്തും. ജൂൺ 20 നും 30 നും ഇടയിൽ സെമിനാറുകൾ പൂർത്തീകരിക്കാനും തീരുമാനിച്ചു. പ്രമുഖ കലാകാരന്മാരെ പങ്കെടുപ്പിച്ച് സമൂഹ ചിത്രംവരയും സംഘടിപ്പിക്കും. ബഷീർ സിനിമകളുടെ പ്രദർശനം, ഷോർട്ട് ഫിലിം അവതരണം എന്നിവയും നടത്തും. കൂടാതെ, ബഷീർ നാടകങ്ങളുടെ അവതരണവും ഫോട്ടോ പ്രദർശനവും സംഘടിപ്പിക്കും.
ചലച്ചിത്ര സംഗീത ലളിതകലാ ഫോക്‌ലോർ സാഹിത്യ അക്കാദമികളുടെ സഹകരണത്തോടെയായിരിക്കും പരിപാടി നടത്തുക. കലാ- സാംസ്കാരിക സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിൽ കൗൺസിലർ കെ. രാജീവ് അധ്യക്ഷനായി. മേയർ ഡോ. ബീനാ ഫിലിപ്പ്, കെ.ഇ.എൻ കുഞ്ഞഹമ്മദ്, ടി. രാധാഗോപി, യു. ഹേമന്ത് തുടങ്ങിയവർ സംസാരിച്ചു. ബേപ്പൂർ ഡെവലപ്മെന്റ് മിഷൻ ചെയർമാൻ എം. ഗിരീഷ് സ്വാഗതവും കെ.ആർ. പ്രമോദ് നന്ദിയും പറഞ്ഞു.

Reporter
the authorReporter

Leave a Reply