കോഴിക്കോട്: ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ സാങ്കേതിക വിഭാഗം വികസിപ്പിച്ചെടുത്ത ‘കോവിഡ് വാരിയേഴ്‌സ്’ പ്ലാറ്റ്‌ഫോം, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ ‘ഡിജിറ്റൽ പരിവർത്തന പുരസ്‌കാരം 2021’ന് അർഹമായി. സി.ഐ.ഐ – ടാറ്റാ കമ്യൂണിക്കേഷൻസ് സെന്റർ ഫോർ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ (CDT) ഏർപ്പെടുത്തിയ പ്രസ്തുത പുരസ്‌കാരം, ഡിജിറ്റൽ പരിവർത്തനത്തിന്റെ പരിധിയിൽ വരുന്ന ഏറ്റവും മികച്ച പരിശ്രമങ്ങൾക്കും, പ്രവൃത്തികൾക്കും, സാങ്കേതിക വൈദഗ്ധ്യത്തിനുമുള്ള അംഗീകാരമാണ്. കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ഫലവത്തായ നിർവഹണത്തിനായി രൂപകല്പന ചെയ്തിട്ടുള്ള ‘കോവിഡ് വാരിയേഴ്‌സ്’ പ്ലാറ്റ്‌ഫോം ‘സേവന ഉത്കൃഷ്ടത’ വിഭാഗത്തിൽ ‘ഏറ്റവും നൂതനമായ മികച്ച പ്രാക്ടീസ്’ എന്ന പുരസ്‌കാരത്തിനാണ് അർഹമായത്. ഇന്ത്യയിലെ പ്രമുഖ കമ്പനികൾ നാമനിർദ്ദേശം ചെയ്യപ്പെട്ട ഈ പുരസ്‌കാരം നേടിയ ഒരേയൊരു ആശുപത്രിയാണ് ബേബി മെമ്മോറിയൽ.
കോവിഡ്-19 മഹാമാരി നമ്മുടെ ജീവിതത്തിൽ വലിയ മാറ്റമാണുണ്ടാക്കിയത്. കോവിഡ് ഉയർത്തിയ വെല്ലുവിളിയെ നേരിടാൻ വിവിധ വ്യവസ്ഥകളും പ്രോട്ടോക്കോളുകളും സ്ഥാപനങ്ങൾ നടപ്പിലാക്കിയിരുന്നെങ്കിലും, ഇത്തരം പരിശ്രമങ്ങളുടെ ഏകീകരണവും നിർവഹണവും മറ്റൊരു വെല്ലുവിളിയായിരുന്നു. കോവിഡ്-19മായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ വിവര സാങ്കേതിക വിഭാഗം, ആശുപത്രി നേതൃത്വത്തിന്റെ സഹായത്തോടെ സാങ്കേതികതയിൽ അടിസ്ഥാനമായ ഒരു പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തു. കമ്പ്യൂട്ടർ വിഷൻ, നാച്വറൽ ലാംഗ്വേജ് പ്രോസസ്സിംഗ്, റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ് ബോട്‌സ് എന്നിവയാണ് ‘കോവിഡ് വാരിയേഴ്‌സ്’ പ്ലാറ്റ്‌ഫോമിന് കരുത്തേകുന്നത്. ഐ.ഡി.സി. ഇൻഡസ്ട്രി ഇന്നവേഷൻ പുരസ്‌കാരം, കൺസോർഷ്യം ഓഫ് അക്രഡിറ്റഡ് ഹെൽത്ത്‌കെയർ ഓർഗനൈസേഷൻസിന്റെ ‘ഹോസ്പിറ്റൽ ഇന്നവേഷൻ ഷോകേസ്’ പുരസ്‌കാരം, ഡിജിറ്റൽ ടെക്‌നോളജി സെനറ്റ് പുരസ്‌കാരം, ഫ്രണ്ട്‌ലൈൻ വാരിയേഴ്‌സ് പുരസ്‌കാരം, ഹെൽത്ത്‌കെയർ ഹോണേഴ്‌സ് പുരസ്‌കാരം എന്നിവ ‘കോവിഡ് വാരിയേഴ്‌സ്’ മുമ്പുതന്നെ സ്വന്തമാക്കിയിട്ടുണ്ട്.