കോഴിക്കോട്: കാന്‍സര്‍ ശസ്ത്രക്രിയാ രംഗത്ത് ഏറ്റവും നൂതന മാര്‍ഗ്ഗങ്ങളിലൊന്നായ ഹൈപെക് സര്‍ജറി നൂറ് പേര്‍ക്ക് വിജയകരമായി പൂര്‍ത്തീകരിച്ചു.
സാധാരണ ശസ്ത്രക്രിയ ബുദ്ധിമുട്ടായ പെരിറ്റോണിയല്‍ കാന്‍സര്‍, ഫ്യൂഡോ മിക്സോമ പെരിറ്റോണി മുതലായ അര്‍ബുദ രോഗ ബാധിതര്‍ക്കാണ് ഹൈപെക് സര്‍ജറി ആശ്വാസമാകുന്നത്. ഓങ്കോസര്‍ന്‍/ഗ്യാസ്ട്രോ സര്‍ജന്‍ ആണ് രണ്ട് ഘട്ടങ്ങളിലൂടെയാണ് ഈ ശസ്ത്രക്രിയാ-കീമോതെറാപ്പിക്ക് നേതൃത്വം നല്‍കുന്നത്. ആദ്യ ഘട്ടം കാന്‍സര്‍ ബാധിതമായ മേഖല നീക്കം ചെയ്യുക എന്നതാണ്. ഇതിന് ശേഷം സാധാരണ രക്തധമനിയിലൂടെ കീമോതെറാപ്പി നല്‍കുന്നതിന് പകരം പ്രത്യേകം ഊഷ്മാവിലേക്ക് മാറ്റിയ കീമോതെറാപ്പി മരുന്ന് പെരിറ്റോണിയല്‍ കാവിറ്റിയിലേക്ക് സന്നിവേശിപ്പിച്ച് നേരത്തെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത കാന്‍സര്‍ ബാധിതമേഖലയ്ക്ക് സമീപത്തെ കാന്‍സര്‍ സാന്നിദ്ധ്യമുള്ള കോശങ്ങളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. അതീവ സങ്കീര്‍ണ്ണവും, പ്രത്യേക പരിശീലനവും ആവശ്യമുള്ള ഈ രീതി സാധാരണ ചികിത്സാ രീതികളെ അപേക്ഷിച്ച് കൂടുതല്‍ ഫലപ്രദവും, താരതമ്യേന കുറഞ്ഞ പാര്‍ശ്വഫലങ്ങള്‍ മാത്രമുള്ളതുമാണ്.
ഹൈപെക് ശസ്ത്രക്രിയ ഉള്‍പ്പെടെ അത്യാധുനികമായ പല കാന്‍സര്‍ ശസ്ത്രക്രിയാ രീതികളുടേയും ലഭ്യത നിലവില്‍ കേരളത്തില്‍ കുറവായതിനാല്‍ ഡോ. സലീം വി. പി. യോടൊപ്പം ആഗോളതലത്തില്‍ പ്രശസ്തനായ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ജെം കളത്തില്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം ഉറപ്പ് വരുത്തിക്കൊണ്ട് ആസ്റ്റര്‍ മിംസിന്റെ കാന്‍സര്‍ ശസ്ത്രക്രിയാവിഭാഗം കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, കോട്ടക്കല്‍ എന്നിവിടങ്ങളിലും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. PIPEC എന്ന നൂതന സംവിധാനവും ഉടനടി ആരംഭിക്കുന്നതിനുള്ള ത്യാറെടുപ്പിലാണ്. ന്യൂറോ ഓങ്കോസര്‍ജറിയില്‍ യൂ കെ യില്‍ നിന്ന് വിദഗ്ദ്ധ പരിശീലനം സിദ്ധിച്ച് തിരിച്ചെത്തിയ ഡോ. മുരളീകൃഷ്ണന്റെ നേതൃത്വത്തില്‍ ഉത്തര കേരളത്തിലെ ആദ്യ ന്യൂറോ ഓങ്കോളജി ശസ്ത്രക്രിയാ വിഭാഗവും ഇതോടനുബന്ധമായി പ്രവര്‍ത്തനം ആരംഭിച്ചു.
പൊതുവായ കാന്‍സര്‍ ശസ്ത്രക്രിയകള്‍ക്ക് പുറമെ ഹൈപെക് സര്‍ജറി, പീഡിയാട്രിക് ഓങ്കോസര്‍ജറി, ബ്രസ്റ്റ് കാന്‍സര്‍ സര്‍ജറി, ഹെഡ് ആന്റ് നെക്ക് ഓങ്കോസര്‍ജറി, ന്യൂറോ ഓങ്കോസര്‍ജറി, ഓങ്കോപ്ലാസ്റ്റിക് സര്‍ജറി, ബ്രസ്റ്റ് റീ കണ്‍സ്ട്രക്ഷന്‍ സര്‍ജറി, സര്‍വിക്കല്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗൈനക്കോളജിക്കല്‍ ഓങ്കോസര്‍ജറികള്‍, റോബോട്ടിക് സര്‍ജറികള്‍, കിഡ്‌നി കാന്‍സര്‍ സര്‍ജറി, ലിവര്‍ കാന്‍സര്‍ സര്‍ജറികള്‍ തുടങ്ങിയ എല്ലാ ഓങ്കോളജി ശസ്ത്രക്രിയാ സൗകര്യങ്ങളും ആദ്യമായാണ് ഉത്തര കേരളത്തില്‍ മൂന്ന് പ്രധാന ജില്ലകളിലും ഒരുമിച്ച് ലഭ്യമാകുന്നത്.
കാന്‍സര്‍ ചികിത്സമൂലം നിര്‍ധന കുടുംബങ്ങളും മറ്റും അഭിമുഖീകരിക്കുന്ന സാമ്പത്തികമായ വെല്ലുവിളികളെ മുന്‍നിര്‍ത്തി ഏറ്റവും കുറഞ്ഞ നിരക്കില്‍ ശസ്ത്രക്രിയ ലഭ്യമാക്കുവാനും 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മിംസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഡി എം ഫൗണ്ടേഷന്റെയും മറ്റ് സന്നദ്ധ സംഘടനകളുടേയും സഹായത്തോടെ പൂര്‍ണ്ണമായും സൗജന്യമായി ശസ്ത്രക്രിയ നിര്‍വ്വഹിക്കാനുള്ള സംവിധാനവും ഇതോടൊപ്പം യാഥാര്‍ത്ഥ്യമാകുന്നുണ്ട്.
പത്രസമ്മേളനത്തില്‍ ആസ്റ്റര്‍ മിംസ് കേരള & ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, ഡോ. ജെം കളത്തില്‍ (സീനിയര്‍ കണ്‍സല്‍ട്ടന്റ്-സര്‍ജിക്കല്‍ ഓങ്കോളജി, ആസ്റ്റര്‍ മെഡ്‌സിറ്റി-കൊച്ചി), ഡോ. കെ. വി. ഗംഗാധരന്‍ (ഓങ്കോളജി വിഭാഗം മേധാവി), ഡോ. സലീം വി. പി (സീനിയര്‍ കണ്‍സല്‍ട്ടന്റ് ഓങ്കോസര്‍ജന്‍), ഡോ. സജിത്ത് ബാബു (സീനിയര്‍ കണ്‍സല്‍ട്ടന്റ്-ഹെഡ് & നെക്ക് ഓങ്കോസര്‍ജറി), ഡോ. മുരളീകൃഷ്ണന്‍ (സീനിയര്‍ കണ്‍സല്‍ട്ടന്റ് ന്യൂറോ ഓങ്കോളജി സര്‍ജന്‍) എന്നിവര്‍ പങ്കെടുത്തു.