സംഗീതജ്ഞൻ രമേഷ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടൻ ആസിഫ് അലി. വിഷയത്തില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായി നടൻ ആസിഫ് അലി വ്യക്തമാക്കി. എന്റെ വിഷമങ്ങള്‍ എന്റേത് മാത്രമാണ്. തന്നെ പിന്തുണയ്‍ക്കുന്നത് മറ്റൊരാള്‍ക്ക് എതിരെയുള്ള വിദ്വേഷ പ്രചരണമായി മാറരുത് എന്നും എല്ലാവരോടുമായി താരം അഭ്യര്‍ഥിച്ചു.
കൊച്ചി സെന്റ് ആല്‍ബര്‍ട്‍സ് കോളേജില്‍ സിനിമാ പ്രമോഷന് എത്തിയതായിരുന്നു ആസിഫ് അലി. സാമൂഹ്യ മാധ്യമങ്ങളില്‍ പിന്തുണച്ചത് കണ്ടു. സാമൂഹ്യ മാധ്യമങ്ങളിലെ പിന്തുണയ്‍ക്ക് സന്തോഷം. എന്നാല്‍ എനിക്കുള്ള പിന്തുണ മറ്റൊരാള്‍ക്കെതിരെയുള്ള വിദ്വേഷ പ്രചാരണമായി മാറരുത്. അതിന്റെ വിഷമം എനിക്ക് മനസ്സിലാകും. എന്റെ വിഷമങ്ങള്‍ എന്റേത് മാത്രമാണ്. പൊതുവേദിയില്‍ എല്ലാവര്‍ക്കും ആസിഫ് നന്ദി പറയുകയും ചെയ്‍തു.
എം ടി വാസുദേവൻ നായരുടെ ഒമ്പത് കഥകളെ ആസ്‍പദമാക്കി മനോരഥങ്ങള്‍ എന്ന ആന്തോളജി സിനിമയുടെ പ്രമോഷണല്‍ ചടങ്ങിലായിരുന്നു വിവാദ സംഭവം. ട്രെയിലര്‍ ലോഞ്ചില്‍ മനോരഥങ്ങള്‍ എന്ന സിനിമയുടെ പ്രവര്‍ത്തകരെ ആദരിച്ചിരുന്നു. സ്വര്‍ഗം തുറക്കുന്ന സമയം എന്ന ചിത്രത്തില്‍ പണ്ഡിറ്റ് രമേഷ് നാരായണ്‍ ആയിരുന്നു സംഗീതം നല്‍കിയത്. അദ്ദേഹത്തിന് ചടങ്ങില്‍ പുരസ്‍കാരം നല്‍കാൻ ആദ്യം ക്ഷണിച്ചത് ആസിഫ് അലിയെ ആയിരുന്നു. എന്നാല്‍ ആസിഫ് പുരസ്‍കാരം നല്‍കിയപ്പോള്‍ താരത്തെ നോക്കാനോ ഹസ്‍തദാനം നല്‍കാനോ തയ്യാറായിരുന്നില്ല സംഗീതജ്ഞൻ രമേഷ് നാരായണൻ. സംവിധായകൻ ജയരാജിനെ രമേഷ് നാരായണൻ വിളിക്കുകയും ഒന്നുകൂടി പുരസ്‍കാരം നല്‍കാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ജയരാജ് പുരസ്‍കാരം നല്‍കി.
സംഭവം വലിയ വിവാദമായി മാറിയിരുന്നു. എന്നാല്‍ ആസിഫ് അലിയെ താൻ അപമാനിച്ചിട്ടില്ല എന്നായിരുന്നു രമേഷ് നാരായണൻ വ്യക്തമാക്കിയത്. അങ്ങനെ തോന്നിയെങ്കില്‍ ആസിഫിനോട് ക്ഷമ ചോദിക്കുന്നുവെന്നും പിന്നീട് രമേഷ് നാരായണൻ വ്യക്തമാക്കിയിരുന്നു. ചലച്ചിത്ര നടൻ ആസിഫ് അലിയെ താൻ ഏറെ ബഹുമാനിക്കുന്നു എന്നും വ്യക്തമാക്കിയിരുന്നു.