Sunday, January 19, 2025
Politics

അരവിന്ദ് കെജരിവാളിന്റെ അറസ്റ്റ്; കോൺഗ്രസിന്റെ നിലപാട് ഇരട്ടത്താപ്പ്: കെ.സുരേന്ദ്രൻ


തിരുവനന്തപുരം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ബാർ കോഴ കേസിൽ ഇഡി അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധിക്കുന്ന കോൺഗ്രസ് കേരളത്തിൽ മുഖ്യമന്ത്രിയും കുടുംബവും നേരിടുന്ന അഴിമതി കേസിൽ നടപടി വന്നാലും പ്രതിഷേധിക്കുമോയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ കേന്ദ്ര ഏജൻസികളുടെ കേസിൽ എന്താണ് നടപടിയെടുക്കാത്തത് എന്ന് ചോദിച്ചവരാണ് കോൺഗ്രസുകാർ. ഇതു തന്നെയാണ് കോൺഗ്രസ് നേതാവ് അജയ്മാക്കനും ദില്ലിയിൽ ചോദിച്ചിരുന്നത്.

എന്തുകൊണ്ടാണ് കെജരിവാളിനെതിരെ നടപടിയെടുക്കാത്തതെന്ന്. ഇപ്പോൾ അറസ്റ്റ് ചെയ്തപ്പോൾ കോൺഗ്രസ് പ്രതിഷേധിക്കുകയാണ്. ഇത് കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ് തെളിയിക്കുന്നതെന്നും തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷം കാണിച്ചത് പോലെ മാസപ്പടി കേസിൽ കേന്ദ്ര ഏജൻസികളും അന്വേഷണം ഒത്തുതീർപ്പാക്കണമെന്നാണോ വിഡി സതീശൻ ആവശ്യപ്പെടുന്നത്? മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഉയർന്ന അഴിമതി കേസിൽ നിയമസഭയിൽ അടിയന്ത പ്രമേയം വേണ്ടെന്ന് വെച്ചയാളാണ് സതീശൻ.

അഴിമതിക്കാർ എല്ലാവരും ഒരു വട്ടത്തിൽ ഒന്നിച്ചിരിക്കുകയാണ്. കെജരിവാൾ നിരവധി തവണ കോടതികളിൽ പോയിട്ടും അദ്ദേഹത്തിന്റെ അറസ്റ്റ് തടയാൻ ഒരു കോടതിയും തയ്യാറായില്ല. അതിനർത്ഥം തെളിവുകൾ അത്രയും ശക്തമാണെന്നാണ്. നിയമത്തിന് മുമ്പിൽ എല്ലാവരും തുല്ല്യരാണെന്ന് വ്യക്തമായിരിക്കുകയാണ്. ഇത് എല്ലാ അഴിമതിക്കാർക്കുമുള്ള മുന്നറിയിപ്പാണ്. അഴിമതിക്കാർ എത്ര ഉന്നതരായാലും മോദി ഭരിക്കുമ്പോൾ അഴിയെണ്ണുമെന്ന് വ്യക്തമായിരിക്കുകയാണെന്നും കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന പൊതുസമൂഹത്തിലെ ഒരാളും അംഗീകരിക്കില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.


Reporter
the authorReporter

Leave a Reply