കണ്ണൂർ: അറക്കൽ രാജ കുടുംബത്തിന്റെ 39ാമത് സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി അന്തരിച്ചു. 87 വയസ്സായിരുന്നു. കണ്ണൂർ സിറ്റി അറക്കൽ കെട്ടിനകത്ത് സ്വവസതിയായ അൽമാർ മഹലിലായിരുന്നു അന്ത്യം. മദ്രാസ് പോർട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി വിരമിച്ച മർഹൂം എ പി എം ആലിപ്പിയാണ് ഭർത്താവ്. മദ്രാസ് പോർട്ട് സൂപ്രണ്ട് ആദിരാജ അബ്ദുൽ ഷുക്കൂർ, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവർ മക്കളാണ്.
ആദിരാജ ഫാത്തിമ ബീവിയുടെ മരണത്തെത്തുടർന്നാണ് അറക്കൽ ബീവിയായി ആദിരാജ മറിയുമ്മ സ്ഥാനമേറ്റത്. പുരുഷന്മാർക്കൊപ്പം സ്ത്രീകളും ഭരണം നയിയ്ക്കുന്നുവെന്നതാണ് കേരളത്തിലെ ഏക മുസ്ലീം രാജ കുടുംബമായ അറക്കലിന്റെ പ്രത്യേകത. കണ്ണൂർ, ലക്ഷദ്വീപ്, മാലിദ്വീപ് എന്നിവിടങ്ങളിലെ അധികാര കേന്ദ്രങ്ങൾക്ക് നൂറ്റാണ്ടുകളോളം നേതൃത്വം നൽകിയത് അറക്കൽ രാജവംശമാണ്. അറയ്ക്കൽ മ്യൂസിയം, കണ്ണൂർ സിറ്റി ജുമാ മസ്ജീദ് ഉൾപ്പടെയുള്ളവയുടെ ചുമതലകളാണ് പ്രധാനമായും സ്ഥാനിയുടെ അധികാര പരിധിയിലുള്ളത്.